ഭദ്രമായി അടച്ചുവെച്ച ഉപ്പുമാങ്ങകൾ പോലെ
വാക്കുകൾ കൊണ്ട് മലിനമാകാതെ
അവർ ഹൃദയങ്ങളെ സൂക്ഷിച്ചു.
അഴുകിവീർത്ത ശവശരീരങ്ങൾ
പ്രളയത്തിലെന്ന പോലെ
അവരവരുടെ ഇരുട്ടുകളിൽ
ചലനമില്ലാതെ അവർ പൊന്തിക്കിടന്നു.
പരസ്പരം അകലങ്ങൾ മാത്രം സമ്മാനിച്ച്
അകന്നുപോകുന്ന നക്ഷത്രകുലങ്ങളെ
ഓർമിപ്പിച്ചുകൊണ്ട് അവരതാ
മൌനത്തിന്റെ മഹാസാഗരത്തിൽ
അലിഞ്ഞുതീരുന്നു.
ബാക്കിയില്ല അവരിനിയെങ്കിലും
അവരുടെ കാല്പാടുകളിൽ നിന്നും
സ്നേഹത്തിന്റെ ഈറൻമാത്രം
മായ്ഞ്ഞു തീരുന്നില്ല.