ചോല സ്ത്രീവിരുദ്ധപോസ്റ്റർ - ഒരു വിശദീകരണക്കുറിപ്പ്

സുഹൃത്തുക്കളേ
ചോലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പോസ്റ്റർ സിനിമകാണാതെ തന്നെ സിനിമയെക്കുറിച്ച് മുൻവിധികളോടെയുള്ള ആരോപണങ്ങൾ ഉയർത്താൻ കാരണമായിട്ടുണ്ട് എന്നറിയുന്നു. സിനിമ കാണുക പോലും വേണ്ട ആ പോസ്റ്ററിന്റെ ശരിതെറ്റുകളെക്കുറിച്ച് ചർച്ച നടത്തിയാൽ മതി എന്ന ഒരു മാനസികാവസ്ഥയിലേക്ക് കുറേയധികം ആളുകൾ എത്തിയതായും അറിയുന്നു. ആ പോസ്റ്റർ ഞാനറിഞ്ഞുകൊണ്ട് ഉണ്ടാക്കിയതല്ല ആദ്യം ഞാൻ ഷെയർ ചെയ്തുമില്ല. പലരും തയ്യാറാക്കുന്ന പ്രൊമോഷൻ പോസ്റ്ററുകൾ സിനിമയിലെ അണിയറക്കാരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരാൾ ഷെയർ ചെയ്യുകയായിരുന്നു. അത് തെറ്റിദ്ധാരണകൾക്ക് കാരണമാകുമെന്നറിയാവുന്നതുകൊണ്ടുതന്നെ അത് റിമൂവ് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നതിനു മുൻപു തന്നെ ആ പേജിൽ നിന്നും സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. അതേക്കുറിച്ച് ഒരു ക്ഷമാപണം എഴുതി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് കരുതിയിരിക്കുമ്പോൾ എന്റെ ഒരു സ്ത്രീ സുഹൃത്തിനോട് അത് സംസാരിക്കാനിടയായി. അവർ വളരെ കഴമ്പുള്ളതെന്ന് എനിക്ക് തോന്നിയ ഒരു ചോദ്യം ഉയർത്തി. "എന്തിനാണ് പെൺകുട്ടികൾ ഒളിച്ചോടുന്നത്?" എന്നായിരുന്നു അത്.

എനിക്കും അതിൽ ഒരു ശരി തോന്നി. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിന് മുന്നേ വീട്ടുകാർ കെട്ടിച്ചു വിടുന്നതുപോലെ തന്നെ പ്രശ്നകരമാണ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ പ്രണയത്തിന്റെ പ്രലോഭനത്തിൽ പെടുത്തി വീടുവിട്ടിറക്കി കൊണ്ടുപോകുന്നതും എന്ന് ഞാൻ വിശ്വസിക്കുന്നു. ചോല എന്ന സിനിമയ്ക്ക് അടിസ്ഥാന കാരണമായ സൂര്യനെല്ലി കേസിലും സംഭവിച്ചത്. സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പ്രണയത്താൽ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയും അവളെ നാൽപ്പതോളം പേർ ചേർന്ന് നാൽപത് ദിവസത്തോളം പീഡിപ്പിക്കുകയുമായിരുന്നു. യാതനാപൂർണമായ നാല്പത് ദിവസങ്ങൾക്ക് ശേഷം അവൾ തിരികെയെത്തിയപ്പോൾ നമ്മുടെ പുരോഗമന ജനത ചോദിച്ചത് എന്തുകൊണ്ട് അവൾ പീഢകരിൽ നിന്നും ഓടിപ്പോയില്ല എന്നതാണ്. യാതനകൾക്കിടെ വജൈനൽ ഇൻഫെക്ഷനുമായി അവളെ പീഢകർ ഒരു ഡോക്ടറുടെ അടുത്തു കൊണ്ടുപോയപ്പോൾ അവൾ 'ഡോക്ടറോടു പോലും' താൻ പീഢിപ്പിക്കപ്പെടുന്നു എന്ന് പറഞ്ഞില്ല എന്ന കാരണത്താൽ നമ്മുടെ  ജുഡീഷ്യൽ സിസ്റ്റം പറഞ്ഞത് അവൾ വിശ്വസിക്കാൻ കൊള്ളാത്തവൾ എന്നാണ്. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ തങ്ങൾക്കേൽക്കുന്ന അസഹനീയമായ ആഘാതത്തിൽ, ചതിയിൽ, പീഢനത്തിൽ, മാനസികവിഭ്രാന്തിയിൽ ഒക്കെ സ്വബോധമുള്ള സ്ത്രീയായി പെരുമാറിക്കൊള്ളണമെന്നാണ് നമ്മുടെ അലിഖിത നിയമം. എന്തുകൊണ്ട് അവൾ ഓടി രക്ഷപ്പെടാതെ പീഢകനെ പിന്തുടർന്നു എന്ന ഒറ്റ ചോദ്യം ചോദിച്ച് അവൾ വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്ന് അന്നു പറഞ്ഞ മനുഷ്യർ മരിച്ചുപോയിട്ടില്ല എന്ന് എനിക്കിന്നു മനസിലാകുന്നു. തന്റെ ശരീരം മറ്റാർക്കോ വേണ്ടി കാത്തു സൂക്ഷിക്കുന്ന നിധിയാണെന്നും അത് ഒരിക്കൽ ഒരു പുരുഷൻ ബലം പ്രയോഗിച്ചോ അല്ലാതെയോ എടുത്തുപോയാൽ അവൾ എന്നേക്കുമായി നശിച്ചുപോയി എന്നും പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു ജനതയുടെ പെൺമക്കൾക്ക് എവിടെയാണ് അഭയമുള്ളത്? അവൾ ഏത് മാനസികാവസ്ഥയിലായിരിക്കും തീരുമാനങ്ങളെടുക്കുക? അവൾ എങ്ങോട്ടാണ് ഓടിപ്പോവുക? മരണമോ തെരുവോ അല്ലാതെ അവൾക്ക് തെരെഞ്ഞെടുക്കാൻ നിങ്ങൾ എന്തെങ്കിലും അവസരങ്ങൾ നൽകിയിട്ടുണ്ടോ? തിരിച്ചു വരുന്ന അവളെ നിങ്ങൾ സ്വീകരിക്കുന്നത് പിഴച്ചുപോയവൾ എന്ന കണ്ണോടെയല്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നുപോയി.

ചോലയ്ക്ക് പലവിധ വായനകൾ സാധ്യമാണ്. പുറമേ നോക്കിയാൽ അത് വളരെ സാധാരണമായ ഒരു ത്രില്ലറാണ്. പക്ഷേ അതിൽ തനിക്ക് വിശ്വാസമുള്ള ഒരു ആണിനൊപ്പം അവൻ പറയുന്ന സ്ഥലത്തേക്ക് പോകുന്ന പെൺകുട്ടി (സ്ത്രീയല്ല) എത്തിപ്പെടുന്ന മാനസികാവസ്ഥകളാണ് കാണിച്ചിട്ടുള്ളത്. അവൾ എന്തുകൊണ്ട് പീഢകനെ പിന്തുടർന്നു എന്ന് അന്ന് അവർ ചോദിച്ച ചോദ്യത്തിന് അവളുടെ ഭാഗത്ത് നിന്ന് ഉത്തരം കണ്ടെത്താനായിരുന്നു എന്റെ ശ്രമം. ഇത് എളുപ്പം സ്ത്രീവിരുദ്ധമായി മാറാൻ സാധ്യതയുള്ള ഒരു വിഷയമായതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് ഓരോ ഷോട്ടും ചെയ്തിട്ടുള്ളത്. സിനിമയിലെ ജാനുവിന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ  അവൾ പിന്തുടരുന്നത് എങ്ങനെയാണ് - ഏത് മാനസികാവസ്ഥയിലാണ് എന്ന് വ്യക്തമായി അറിയാം. പക്ഷേ നിരവധി സൂക്ഷ്മ വായനകൾ ഉണ്ടായിട്ടും അതാ അവൾ പീഢകനെ പിന്തുടരുന്നു അത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല അതുകൊണ്ട് സ്ത്രീവിരുദ്ധതയുണ്ട് എന്ന് ഇന്നും ആളുകൾ അലറുന്നു . ശരിക്കും സ്ത്രീവിരുദ്ധത സിനിമയിലാണോ അതോ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്ക് എന്താവും കാരണമെന്ന് ആലോചിക്കാൻപോലും മെനക്കെടാതെ സിനിമയെത്തന്നെ സ്ത്രീവിരുദ്ധമെന്ന് പറയുന്ന കാഴ്ചക്കാരനിലോ? അങ്ങനെയുള്ള ധാരാളം സ്വയം ചോദ്യങ്ങൾക്കൊടുവിൽ "ഒളിച്ചോടൽ" "തിരിച്ചറിവ്" തുടങ്ങിയ പ്രശ്നകാരിയായ വാക്കുകൾ ആ പോസ്റ്ററിലുണ്ടെങ്കിലും പെൺകുട്ടികൾ ഒളിച്ചോടരുത് എന്നൊരു വായന സാധ്യമാണെന്ന നിലയിൽ ആ പോസ്റ്റർ ഞാൻ തന്നെ നിലനിർത്തുകയായിരുന്നു.

അത് പലർക്കും മനസിലായില്ല എന്നാണ് എനിക്കിപ്പോൾ മനസിലാകുന്നത്. എന്തായാലും തെറ്റിദ്ധാരണകൾ ഉണ്ടായെങ്കിൽ അത് തിരുത്തണം എന്നു തന്നെയാണ് എന്റെ പക്ഷം. തെറ്റുപറ്റിയെങ്കിൽ ക്ഷമിക്കണം. ഞാൻ സ്ത്രീവിരുദ്ധനും പിന്തിരിപ്പനുമൊക്കെയാണ് എന്ന് ഒരു പോസ്റ്റർ നോക്കി തീരുമാനിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ഒരു പരാതിയുമില്ല. ഞാനിതുവരെ ജീവിച്ച ജീവിതവും ചെയ്ത സിനിമകളും പ്രവൃത്തികളും കൊണ്ട് ഞാനെന്താണ് എന്ന് ആർക്കെങ്കിലും മനസിലായിട്ടില്ല എങ്കിൽ അവരോടും പരാതിയില്ല. തെറ്റുകൾ തിരുത്താൻ സമയമായി. സിനിമയെടുക്കുക മിണ്ടാതിരിക്കുക എന്ന ഏറ്റവും ചുരുങ്ങിയ ജീവിത സന്ധി തെരെഞ്ഞെടുക്കുകയാണ്. ബഹളം വെയ്ക്കലും മറുപടി പറച്ചിലുമൊക്കെ എനിക്കുനേരെ തന്നെ തിരിച്ചുവരുന്ന പന്തുപോലെ തോന്നിത്തുടങ്ങി. എന്റെ സോഷ്യൽ മീഡിയാ ഇടപെടൽ തന്നെ അവസാനിപ്പിക്കുകയാണ്. ഞാൻ സോഷ്യൽ മീഡിയാ ജീവിതം തുടങ്ങുന്നത് ബ്ലോഗിലാണ്. ബ്ലോഗിലേക്ക് തിരിച്ചു പോകുന്നു. ഫെയ്സ് ബുക്കും ഇൻസ്റ്റാഗ്രാമും ട്വിറ്ററുമുൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ജീവിതത്തിന് ഇന്ന് അന്ത്യം കുറിക്കുന്നു. എന്റെ അഭിപ്രായങ്ങൾ കുറിക്കാനുള്ള ഒരു മീഡിയ ആയിരുന്നു എനിക്ക് ഫെയ്സ് ബുക്ക്. ഇനി മുതൽ ആ മീഡിയ എന്റെ ഈ ബ്ലോഗ് ആയിരിക്കും. കമെന്റ് ഓപ്ഷൻ ഉണ്ടായിരിക്കില്ല.

എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ മരിച്ചവനോടെന്നപോലെ പൊറുക്കുക

സ്നേഹത്തോടെ
 സനൽ