1895 ഡിസംബര്‍ 28 നായിരുന്നു ലൂമിയര്‍ സഹോദരങ്ങള്‍ The Arrival of a train at La Ciotat Station എന്ന, തങ്ങളുടെ ആദ്യ ചലനചിത്രങ്ങളിലൊന്ന് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നേക്ക് 120 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്റ്റേഷനിലേക്ക് വന്നു നില്‍ക്കുന്ന തീവണ്ടിയുടെ ചലനചിത്രം വമ്പന്‍ സ്ക്രീനില്‍ കണ്ട് കാഴ്ചക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നാണ് കഥ. നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും നക്ഷത്രാന്തരഗമനത്തെക്കുറിച്ച് സിനിമകളിറങ്ങിയിട്ടും ചൊവ്വയില്‍ ക്യൂരിയോസിറ്റി റോവര്‍ പാറപൊടിച്ച് രുചി നോക്കിയിട്ടും ഇനിയും സിനിമയോടുള്ള ആ പരിഭ്രാന്തി നമുക്ക് മാറിയിട്ടില്ല എന്നാണ് ഇടക്കാലത്തെ ഏറ്റവും വലിയ സമൂഹചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കലാലയത്തില്‍ ഓണാഘോഷത്തിനിടെയുണ്ടായ അപകടമരണം മുഖ്യപ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സിനിമയെയാണ്. ഈ സമൂഹത്തില്‍ സിനിമ മാത്രമാണ് സ്വാധീനമുണ്ടാക്കുന്നത് എന്ന രീതിയിലാണ് മിക്കവാറും പ്രതികരണങ്ങളും വരുന്നത്. ദുഷിച്ച് നാറുന്ന രാഷ്ട്രീയം, അഴിമതി നിറഞ്ഞ ഭരണസംവിധാനം, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സാമൂഹികമനസ്ഥിതി എന്നിങ്ങനെ നമ്മള്‍ ആണ്ടുകിടക്കുന്ന ഈ ചെളിക്കുണ്ടില്‍ നിന്നാണ് സിനിമയും ഉണ്ടാകുന്നതെന്ന് മനസിലാക്കാതെയാണ് ഈ വിളിച്ചുകൂവിക്കൊണ്ടുള്ള ഓട്ടം. സിനിമ ജീവിതത്തില്‍ നിന്നും വരുന്നതാണ്. കലാപരമായ മേന്മയുള്ളതാണോ ഇല്ലാത്തതാണോ സിനിമ എന്നതൊന്നും ഇവിടെ വിഷയമല്ല. എല്ലാത്തരം സിനിമയും ഇവിടെ ഈ സമൂഹത്തില്‍ നിന്നുണ്ടാവുന്നതാണ്. മുഖം നന്നല്ലാത്തതിന് കണ്ണാടി ഉടയ്ക്കുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. ഈ ദര്‍പ്പണഭഞ്ജനോദ്യമത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ അന്തക്കമ്മികളായ പോലീസുകാര്‍ മാത്രമല്ല പുരോഗമനപരമായി ചിന്തിക്കുന്ന വിപ്ലവകാരികളുമുണ്ട് എന്നതാണ് ദൌര്‍ഭാഗ്യം. കവിതമുതല്‍ പഞ്ചഗുസ്തി വരെയുള്ള ലക്ഷക്കണക്കിനു (കലാ?) രൂപങ്ങളില്‍ സിനിമയ്ക്ക് മാത്രമെന്താണ് ഈ ദുര്യോഗം? ഇപ്പോള്‍ തന്നെ സിനിമ എന്ന കലാരൂപത്തിനു നേരേ സെന്‍സറിങ്ങ് എന്ന മാരകായുധം ഏന്തി നില്‍ക്കുന്ന ഭരണകൂടവ്യാളിയുടെ പിണിയാളുകളാവുകയാണോ ഇവര്‍? ആവിഷ്കാര സ്വാതന്ത്ര്യം എന്ന് മൈക്ക് കിട്ടുമ്പോഴെല്ലാം വിളിച്ചു കൂവുന്നവര്‍ എന്തുകൊണ്ടാണ് ആദ്യചലച്ചിത്രത്തിലെ തീവണ്ടികണ്ടവരെപ്പോലെ സിനിമ കൊല്ലും എന്ന് നിലവിളിച്ചുകൊണ്ട് ഓടുന്നത്?