ഒരാള്‍പ്പൊക്കം എന്റെ ആദ്യത്തെ തിരക്കഥ ആയിരുന്നില്ല. 2001 മുതല്‍ എഴുതിയ, എഴുതിയ ശേഷം ചുരുട്ടി എറിഞ്ഞ, തിരുത്തി മറ്റെന്തെങ്കിലും ഒക്കെ ആക്കിയ ഒരുപാടു തിരക്കഥകള്‍ കൈവശമുണ്ടായിരുന്നു. എങ്കിലും എങ്ങനെയാണ് പിന്നെ ഒരാള്‍പ്പൊക്കം എന്ന സിനിമ എന്റെ ആദ്യസിനിമയായത് എന്നത് ഒരു മായയാണ്. നിരവധി സിനിമാ ശ്രമങ്ങള്‍ക്കിടയില്‍ മനസില്‍ വന്നുകൂടിയ ഒരു കഥയാണ് ഉണ്ണി ആര് ന്റെ ഒഴിവുദിവസത്തെ കളി. വളരെ ചെറിയ ഒരു പ്ലോട്ട് ആണതെങ്കിലും കഥയ്ക്കുള്ളിലെ അടരുകള്‍, വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയ വിവക്ഷകള്‍, ചടുലമായ നാടകീയത ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ പിടിച്ചുവലിച്ച കൃതികള്‍ ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നു, ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ്. ഒരാള്‍പ്പൊക്കത്തിന്റെ ആലോചനകള്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ തിരുവനന്തപുരത്തുവെച്ച് ഉണ്ണി ആര് നെ കണ്ട് കഥയുടെ സാധ്യതകള്‍ സൂചിപ്പിച്ച് അത് സിനിമയാക്കിക്കോട്ടെ എന്ന് ചോദിച്ചിരുന്നു. അന്നു തന്നെ സമ്മതം ലഭിച്ചു എങ്കിലും ആദ്യം നടന്ന സിനിമ ഒരാള്പ്പൊക്കമായിരുന്നു. ഒരാള്‍പ്പൊക്കത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു എങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച സംവിധായകനുള്ള പുരസ്കാരം ആ സിനിമയേയും അതിന്റെ ഒപ്പം നിന്ന സകലരേയും വളരെയധികം ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. ഒരാള്‍പ്പൊക്കത്തിനു ശേഷം മറ്റൊരു സിനിമയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോഴും ഒഴിവുദിവസത്തെ കളി പിന്നീടാവട്ടെ എന്ന് മാറ്റി വെയ്ക്കുകയായിരുന്നു. കുറേക്കൂടി അനുഭവസമ്പത്തു കൈവന്നശേഷം ചെയ്യേണ്ട ഒരു സിനിമയാണതെന്നായിരുന്നു എന്റെ മനസ് പറഞ്ഞിരുന്നത്. മറ്റൊരു സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുകയും ഷൂട്ടിങ്ങ് സമയം തീരുമാനിക്കുകയും അഭിനേതാക്കളെ വരെ കണ്ടെത്തുകയും ചെയ്തിട്ടാണ് പെട്ടെന്ന് ഒരു ദിവസം ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ക്യാമറാമാന് ഇന്ദ്രജിത്തിനെ വിളിച്ച് നമുക്ക് ഉടന്‍ ഒഴിവു ദിവസത്തെ കളി ചെയ്യാം എന്ന് പറയുന്നത്. എന്റെ ചിന്തകളെ നിയന്ത്രിക്കുന്ന ഒരു അജ്ഞാതനായ ഞാന്‍ ഉള്ളിലിരിപ്പുണ്ട് എന്ന് തോന്നും വിധമാണ് കാര്യങ്ങള്‍. ഒരാള്‍പ്പൊക്കത്തിനു കിട്ടിയ മികച്ച സംവിധായകനുള്ള അവാര്‍ഡ് അയാള്‍ക്കായിരിക്കും കൊടുക്കേണ്ടതെന്ന് തോന്നുന്നു. ഒഴിവു ദിവസത്തെ കളി നിയന്ത്രിച്ചതും അയാള്‍ തന്നെയാണ്. ഞാനും ഒപ്പമുണ്ടായിരുന്ന എല്ലാവരും ആ നിയന്ത്രണത്തിനനുസരിച്ച് കളിക്കുകയായിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.