ക്രിസ്തോഫ് കീസ്‌ലോസ്കിയുടെ
കാമറാ ബഫ് എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ഫിലിപ് മോസ് ആകസ്മികമായാണ്
സിനിമാ രചനയിലേക്ക് ചെന്നു ചേരുന്നതെങ്കിലും ഏറെ താമസിയാതെ അദ്ദേഹം അതിൽ പൂർണമായും
വ്യാപൃതനാവുന്നു. സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ മാത്രം മുഴുകുന്ന അയാൾ കുടുംബത്തെ
ശ്രദ്ധിക്കാതെ വരുമ്പോൾ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുന്നു. തന്റെ സിനിമകളുമായുള്ള ഊരുചുറ്റലിനൊടുവിൽ
ഒരുനാൾ വീട്ടിലെത്തുന്ന ഫിലിപ്പ് മോസിനോട് താൻ വേർ പിരിയുകയാണെന്ന് ഭാര്യ പറയുന്നു.
ആകെ തകർന്നു പോകുന്ന ഫിലിപ് “എന്തുകൊണ്ടിപ്പോൾ? എല്ലാം പച്ചപിടിച്ചുവരുന്ന ഈ സമയത്തുതന്നെ
എന്തിനാണിത്?” എന്ന് വിലപിച്ചുകൊണ്ട് കസേരയിലേക്ക് വീണുപോകുന്നു. “നാം ഒടുവിൽ ശാരീരികമായി
ബന്ധപ്പെട്ടത് ആറുമാസങ്ങൾക്ക് മുൻപാണ് പക്ഷേ ഞാനിപ്പോൾ അഞ്ചുമാസം ഗർഭിണിയാണ്. എന്റെ
ഒരു സുഹൃത്താണ് അച്ഛൻ“ എന്ന് മറുപടി പറഞ്ഞ് ഭാര്യ ഇറങ്ങിപ്പോവുകയാണ്. പ്രേക്ഷകനെക്കൂടി
ഞെട്ടിക്കുന്ന ആ ഇറങ്ങിപ്പോക്കിന് ഫിലിപ് മോസിന്റ്റെ പ്രതികരണം വിചിത്രമാണ്. ശക്തമായ
പ്രഹരമേറ്റിട്ടും അയാൾ ചെയ്യുന്നത് നൊടിയിടകൊണ്ട് വിരലുകൾ ചതുരാകൃതിയിൽ പിടിച്ച് സ്വന്തം
ഭാര്യ ഇറങ്ങിപ്പോകുന്ന രംഗത്തിന്റെ ഫ്രെയിം നോക്കുകയാണ്. ഭാര്യ തിരിഞ്ഞുനോക്കുമ്പോഴേക്കും
തന്റെ പ്രവൃത്തി അവൾ കാണാതിരിക്കാൻ ബദ്ധപ്പെടുകയും ചെയ്യുന്നുണ്ടയാൾ. ഒരു ചലച്ചിത്രകാരന്റെ
നിഗൂഢമായ മനസ് ഇത്ര കൃത്യമായി മറ്റാരെങ്കിലും വരച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഒരാൾപ്പൊക്കത്തിന്റെ
അവസാന ഷെഡ്യൂളിന്റെ അനുഭവങ്ങൾ എഴുതാനിരുന്നപ്പോൾ ഓർത്തുപോയതാണിത്. മഞ്ഞുമൂടിയ മലനിരകളും
മൂടൽ മഞ്ഞുനിറഞ്ഞ താഴ്‌വരയും ഷൂട്ട് ചെയ്യാനായിരുന്നു ഇത്തവണ ഞങ്ങൾ ഹിമാലയത്തിലേക്ക്
പോകുന്നത്. രണ്ടും ഒരുമിച്ചു കിട്ടുന്നത് അത്ര എളുപ്പമുള്ളതായിരുന്നില്ലാത്തതുകൊണ്ട്
മഞ്ഞുമൂടിയ മലനിരകൾ മാത്രം ഷൂട്ട് ചെയ്ത് മൂടൽ മഞ്ഞ് ഗ്രാഫിക്സ് ചെയ്യുന്നതേക്കുറിച്ച്
ആലോചിച്ചിരുന്നു. ഈ യാത്രയിൽ തന്നെ ഡൽഹി ബോംബേ ഹമ്പി എന്നിവിടങ്ങളിൽ കൂടി ഷൂട്ടിംഗ്
പൂർത്തിയാക്കണം എന്നുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ ഡൽഹിയിൽ ഷൂട്ട് ചെയ്യുമ്പോൾ കൂട്ടത്തിലുള്ള
രണ്ടുപേരെ ഹിമാലയത്തിലേക്കയച്ചു. മഞ്ഞു മൂടിയ മലനിരകൾ ഷൂട്ടു ചെയ്യാനുള്ള ലൊക്കേഷൻ
കണ്ടെത്തുകയായിരുന്നു അവരുടെ ദൌത്യം. അവർ പോയി മൂന്നാമത്തെ ദിവസം വാട്ട്സ് അപിൽ ചിത്രങ്ങൾ
വന്നു. ഉത്തരകാശിയിൽ നിന്നും ഏതാണ്ട് നൂറുകിലോമീറ്ററകലെയുള്ള ധരാലിയിൽ നിന്നും രണ്ടുമണിക്കൂർ
മലകയറി എടുത്ത ചിത്രങ്ങൾ. രണ്ടുമണിക്കൂർ മുട്ടോളം പുതയുന്ന മഞ്ഞിൽ നടക്കണമെന്നും അതിനായി
കണങ്കാൽ വരെ മൂടുന്ന റബർ ഷൂ വേണമെന്നും അവർ പറഞ്ഞിരുന്നു. അതിനു ശേഷം അവരെക്കുറിച്ച്
യാതൊരു വിവരവുമില്ലായിരുന്നു. ഹിമാലയത്തിലെ മൊബൈൽ റെയിഞ്ചിനെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ട്
ഞങ്ങൾ അത് കാര്യമായെടുത്തില്ല.
അങ്ങനെ ഡെൽഹിയിലെ ഷൂട്ട് കഴിഞ്ഞ് മഞ്ഞുമലകയറാനുള്ള
തയാറെടുപ്പുമായി ഞങ്ങൾ യാത്രതിരിച്ചു. അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കുന്ന ഏറ്റവും അടുത്ത
ടൌണായ ഉത്തര കാശിയിൽ നിന്നും സാധനങ്ങളൊക്കെ വാങ്ങി ധരാലി ലക്ഷ്യമാക്കി യാത്ര തുടങ്ങുമ്പോൾ
ചെറുതായി മഴതുടങ്ങിയതുകൊണ്ട് ഷൂസിനു പുറമേ റെയിൻ കോട്ടും നാലഞ്ചു കാലൻ കുടകളും കൂടി
വാങ്ങിയിരുന്നു. ഉച്ച കഴിഞ്ഞ് ഗംഗ്‌നാനി എന്ന സ്ഥലത്തെത്തുമ്പോഴേക്കും മഴയിൽ ഹിമാലയം
അതിന്റെ തനി രൂപം കാണിച്ചു തുടങ്ങിയിരുന്നു. ചെളി കുഴഞ്ഞ റോഡിലൂടെ ഞങ്ങളുടെ ട്രാവലർ
മുന്നോട്ട് കയറാൻ വിസമ്മതിച്ചു. മഞ്ഞുപുതച്ചു വെളുത്ത പർവതമുനമ്പുകൾ ഏറെയകലെയല്ലാതെ
അപ്പോൾത്തന്നെ ഞങ്ങൾക്ക് കാണാൻ കഴിയുമായിരുന്നു. സംഘത്തിലുള്ള മിക്കവാറും ആളുകൾ മഞ്ഞുമലകൾ
നേരിൽ കാണുന്നത് ആദ്യമായിരുന്നതുകൊണ്ട് ആ ദൂരക്കാഴ്ച തന്നെ ഞങ്ങളിൽ ആവേശം നിറച്ചു.
ചെളിയിൽ പുതഞ്ഞു കറങ്ങുന്ന ട്രാവലറിന്റെ ചക്രങ്ങൾക്കടിയിൽ വിറകുകൊള്ളികളും പാറക്കഷണങ്ങളും
നിരത്തി ഏറെ നേരത്തെ അധ്വാനത്തിനൊടുവിൽ വണ്ടി മുന്നോട്ടു നീങ്ങി. ഞാൻ ഹിമാലയത്തിലേക്ക്
പോകുന്നത് മൂന്നാമത്തെ തവണയാണ്. ആദ്യ തവണ ലൊക്കേഷൻ കാണാൻ പോകുമ്പോൾ തന്നെ മഴയിൽ ഹിമാലയത്തിന്റെ
സ്വഭാവമെന്തെന്ന് ഞാൻ നേരിൽ കണ്ടിട്ടുണ്ടായിരുന്നു. അന്ന് ഞങ്ങൾ പോയ വാഹനം ആറു ദിവസമാണ്
വഴിയിൽ കുടുങ്ങിയത്. വഴിയിലെ ഒരു പാലം ഒലിച്ചുപോയതായിരുന്നു കാരണം. അന്ന് തിരികെയുള്ള
യാത്രയിൽ രുദ്രപ്രയാഗിനടുത്ത് ഹൈവേ മുഴുവനായി ഇടിഞ്ഞ് നദിയിലേക്ക് പതിച്ച സ്ഥലത്തു
നിന്നും ഞാനും ക്യാമറാമാൻ രെജിപ്രസാദും രക്ഷപെട്ടു പോന്നതും മരണത്തിനു കുറുകേ കെട്ടിയ
നൂൽപ്പാലത്തിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ മഴ എന്നിൽ ആശങ്കയുണ്ടാക്കിയിരുന്നു. പക്ഷെ
മഴയെങ്കിൽ മഴ; മഴയിൽ നമ്മൾ ഷൂട്ട് ചെയ്യും എന്നൊരു സന്ദേശമായിരുന്നു ഞാൻ മറ്റുള്ളവർക്ക്
കൊടുത്തിരുന്നത്. വഴിയിടിയുകയും മുന്നോട്ടുള്ള യാത്ര തടസപ്പെടുകയും ചെയ്താൽ പക്ഷേ പദ്ധതികളെല്ലാം
മുടങ്ങും. സ്വതവേ കടത്തിലാണ് ഇതുവരെയുള്ള കാര്യങ്ങൾ നടന്നുപോയിരുന്നത്. ആകസ്മികമായ
സംഭവങ്ങൾ കാരണം ഷൂട്ടിംഗ് മുടങ്ങുകയും തിരിച്ചു പോകേണ്ടി വരുകയും ചെയ്താൽ സിനിമ എങ്ങനെ
പൂർത്തിയാക്കും എന്നൊരാധി എന്റെ അടിവയറ്റിൽ നിന്നും മേലോട്ട് ആളാൻ തുടങ്ങി. പക്ഷെ അടുത്ത
നിമിഷം എന്നെത്തന്നെ സമാധാനിപ്പിച്ചുകൊണ്ട് ഒരു ശുഭാപ്തി വിശ്വാസം എന്റെ നാവിൽ നിന്നും
പുറത്തുചാടി. “ഈ മഴ നമുക്ക് ഗുണം ചെയ്തേക്കും ഒരുപക്ഷെ നമുക്ക് മഞ്ഞുപെയ്യുന്നത് ഷൂട്ട്
ചെയ്യാൻ കഴിഞ്ഞേക്കും. രണ്ടു മണിക്കൂർ മലകയറാതെ തന്നെ മഞ്ഞുമൂടിയ മലനിരകൾ ഷൂട്ട് ചെയ്യാനും
പറ്റും”. വണ്ടി ഏതാണ്ട് ഒരു മണിക്കൂർ കൂടി ഓടിയിട്ടുണ്ടാവും ഞങ്ങളുടെ ഡ്രൈവർ ടിറ്റുഭായി
വണ്ടി നിർത്തി വിഷണ്ണതയോടെ എന്നെ നോക്കി. കഴിഞ്ഞ തവണ ഹിമാലയത്തിലെ ഷൂട്ടിന് ഞങ്ങളോടൊപ്പം
ഉണ്ടായിരുന്നതുകൊണ്ട് സിനിമയോടുള്ള ഞങ്ങളുടെ ഭ്രാന്ത് അയാൾക്കറിയാമായിരുന്നു. എന്തെങ്കിലും
ദുസൂചനകണ്ടിട്ടാണോ അയാളുടെ മുഖം വിഷണ്ണമായത് എന്ന പേടിയോടെ ഞാനയാളെ നോക്കി. “സർ ഒരു
തെറ്റു പറ്റി.. ഒരു പട്ടാളക്കാരൻ കൈകാണിച്ചു ഞാൻ നിർത്താതെ പോന്നു. അയാൾ ഹർഷീലിലേക്കാവും
40 കിലോമീറ്ററെങ്കിലും നടക്കണം പാവത്തിന്.. മനസിൽ നിന്ന് പോവുന്നില്ല.” നിർത്താത്തതെന്ത്?
ഞാൻ ചോദിച്ചു.. “സാറിനിഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി”. വണ്ടി തിരിച്ചുവിട്.. അയാളെ
കയറ്റിക്കൊണ്ടുപോവാം.. നമുക്ക് ഉപകരിച്ചാലോ! ഞാൻ പറഞ്ഞു.
കൈകാണിച്ചിട്ട് നിർത്താതെ
പോയ വണ്ടി തിരികെ വന്ന് വിളിച്ചുകയറ്റുന്നത് കണ്ട് പട്ടാളക്കാരൻ ഒന്ന് അമ്പരന്നു. കഷ്ടിച്ച്
പതിനഞ്ചു മിനിറ്റു കഴിഞ്ഞില്ല മഴ വഴിമുടക്കി.. വഴിയിൽ പാറയും മണ്ണും ഇടിഞ്ഞുകിടക്കുന്നു.
ചെളിമാറ്റാതെ വണ്ടിപോവില്ല. ടിറ്റു ഭായി പറഞ്ഞു. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ
അയാളത് പറയില്ല. വെറും കൈകൊണ്ട് ഞങ്ങൾ ചെളി നീക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കില്ലെന്ന്
മനസിലായി. വണ്ടി കയറുമെന്ന് പട്ടാളക്കാരൻ കുറേ പറഞ്ഞു. അയാൾക്ക് എങ്ങനെയെങ്കിലും ലക്ഷ്യസ്ഥലത്തെത്തിയാൽ
മതിയെന്ന ഭാവമാണ്. വണ്ടി കയറില്ലെന്ന് മനസിലായതോടെ അയാൾ നടക്കാൻ തുടങ്ങി. ഞങ്ങൾ ആകെ
ആശയക്കുഴപ്പത്തിലായി.. തിരിച്ചുപോയി ഗംഗ്‌നാനിയിലോ മറ്റോ തങ്ങാമെന്ന് ഞാൻ. എങ്ങനെയെങ്കിലും
വഴി തുറന്ന് മുകളിലോട്ട് പോകണമെന്ന് പ്രകാശേട്ടൻ (പ്രകാശ് ബാരെ). എന്തായാലും ധരാലിയിൽ
തങ്ങുന്ന ഞങ്ങളുടെ അംഗങ്ങൾക്ക് (സുധീഷ്, അനിലേട്ടൻ, ഡ്രൈവർ രാജൻ ചെട്ടൻ) ഒരു കത്തെഴുതി
പട്ടാളക്കാരന്റെ കയ്യിൽ ഏൽപ്പിച്ചു. ആ കത്ത് പിറ്റേ ദിവസമേ അവിടെ എത്തിക്കാനാവൂ എന്നയാൾ
പറഞ്ഞു (ഇപ്പോഴാണ് അതേക്കുറിച്ച് ഓർക്കുന്നത്, ആ കത്ത് അയാൾ എവിടെയാവും ചുരുട്ടി എറിഞ്ഞിട്ടുണ്ടാവുക?)
എവിടെ നിന്നെങ്കിലും വഴി തുറക്കാൻ സഹായം കിട്ടുമോ എന്നുള്ള ചോദ്യത്തിന് കുറച്ചു മുകളിലായി
ഒരു പട്ടാള ക്യാമ്പുണ്ടെന്ന് അയാൾ പറഞ്ഞു. അങ്ങനെ ഞാനും പ്രകാശേട്ടനും അയാൾക്കൊപ്പം
മുകളിലേക്ക് നടന്നു. മുകളിലെത്തുമ്പോൾ ആളൊഴിഞ്ഞ ഒരു പട്ടാളക്യാമ്പ്.. എല്ലായിടവും മഞ്ഞുവീണ്
വെളുത്തിരിക്കുന്നു. ഒരു പട്ടി മാത്രം മഞ്ഞിൽ കിടന്നുരുളുന്നു. ഒരു വീപ്പക്കുറ്റിയിൽ
തീകത്തിച്ചുകൊണ്ട് നീണ്ട മൂക്കുള്ള ഉയരമുള്ള ഒരാൾ നിൽപുണ്ട്. “സാബ് മദദ് ചാഹിയേ” ഞാൻ
പറഞ്ഞു. അയാൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എനിക്ക് ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാവുന്നത്
എന്ന നോവലിലെ കുന്ദനെ ഓർമവന്നു. ഞങ്ങൾ അയാളോട് വണ്ടി വഴിയിൽ കുടുങ്ങിയെന്നും സഹായം
വേണമെന്നും ആവർത്തിച്ചുകൊണ്ടിരുന്നു. ഏതാണ്ട് പത്തുമിനിട്ട് അയാളെ സംസാരിപ്പിക്കാനുള്ള
ഉദ്യമം പരാജയപ്പെട്ടു. അപ്പോഴേക്കും ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന പട്ടാളക്കാരൻ വന്നു.
മറ്റുള്ളവർ എവിടെയെന്ന് അയാളോട് ചോദിച്ചു. ഉറക്കമാണെന്ന മറുപടിയോടെ അയാൾ ഒരു അടഞ്ഞ
വാതിൽ ചൂണ്ടിക്കാട്ടി. പ്രകാശേട്ടൻ വാതിൽ തട്ടി. ഉള്ളിലേക്ക് വരാനുള്ള ശബ്ദം വന്നു.
ഉള്ളിൽ നാലഞ്ചുപേർ പുതച്ചു മൂടി കിടപ്പുണ്ടായിരുന്നു. കഥ മുഴുവൻ അവരോടും പറഞ്ഞു. പുറത്തു
നിൽക്കുകയായിരുന്ന മൌനിയായ മനുഷ്യനെ അവ വിളിച്ചു “ചന്ദ്രൂ ഇഥർ ആ”. ഞങ്ങളെ സഹായിക്കാനും
അതിന് ഞങ്ങൾ പണം നൽകുമെന്നും പട്ടാളക്കാർ പറഞ്ഞെങ്കിലും അയാൾ ഉത്സാഹം കാട്ടിയില്ല.
പണത്തിനു പുറമേ കള്ളും കൂടി നൽകുമെന്ന് പറഞ്ഞപ്പോൾ ആ മഹാമൌനി ഒന്ന് പുഞ്ചിരിച്ചു.
ശരിക്കും കുന്ദൻ തന്നെ. പല്ലുപോയ ആ ചിരി ഞാൻ മറക്കില്ല. ഒരു കൈക്കോട്ടുമായി ഞങ്ങൾ അയാളെയും
കൂട്ടി പുറത്തിറങ്ങുമ്പോൾ കണ്ട കാഴ്ച എന്നെ വിസ്മയം കൊണ്ട് വീർപ്പുമുട്ടിച്ചു. ഇപ്പോൾ
പെയ്യുന്നത് മഴയല്ല..ആകാശത്തിൽ നിന്നും വെൺമേഘങ്ങൾ പിഞ്ഞുവീഴുമ്പോലെ മഞ്ഞിന്റെ തൂവലുകൾ
പാറിവീഴുന്നു.. ഹൊ! പ്രകാശേട്ടാ നമുക്കിവിടെത്തന്നെ ഷൂട്ട് ചെയ്യാം.. ഞാൻ സന്തോഷം കൊണ്ട്
നിലവിളിച്ചു. നീ വാ ഇതൊക്കെ ഇവിടെ എന്നും സംഭവിക്കുന്നതാ നമുക്ക് എത്രയും പെട്ടെന്ന്
വഴി നന്നാക്കി മുകളിൽ പോണം..പ്രകാശേട്ടൻ പറഞ്ഞു.. എന്നും മഞ്ഞുപെയ്യുമോ അതോ എനിക്ക്
ഷൂട്ട് ചെയ്യാൻ വേണ്ടിമാത്രം ആകാശം ഇപ്പോൾ പൊടിഞ്ഞു വീഴുന്നതോ! എനിക്ക് വിശ്വസിക്കാനേ
കഴിയുന്നുണ്ടായില്ല. ഒരുമണിക്കൂറിനുള്ളിൽ കണ്ണിൽ കാണുന്ന മലകളെല്ലാം വെള്ളപുതയ്ക്കും
എന്റെ മനസു പറഞ്ഞു. ഷൂട്ട് ചെയ്യ്..ഷൂട്ട് ചെയ്യ്.. എന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു..
ഇന്ദ്രൻ (ക്യാമറാമാൻ ഇന്ദ്രജിത്ത്) ഇപ്പോൾ എന്തുചെയ്യുകയാവും എന്റെ മനസു ചോദിച്ചു.
വാഹനത്തിന്റെ അരികിലെത്തുമ്പോൾ കാണുന്ന കാഴ്ച ഇന്ദ്രൻ ഒരു തുമ്പിയെപ്പോലെ ക്യാമറയുമായി
പറന്നു നടക്കുന്നു. മോണോപ്പോഡിലാണ് ക്യാമറ. എവിടെ ഫ്രെയിം വെയ്ക്കണമെന്ന് ആശയക്കുഴപ്പത്തിലായപോലെ ഇന്ദ്രൻ..എല്ലായിടത്തും ഫ്രെയിമാണ്..എല്ലായിടത്തും സൌന്ദര്യം..മായ…ഇന്ദ്രൻ ഇരിപ്പുറയ്ക്കാതെ പറന്നു നടക്കുന്നു. അവന്റെ
പിന്നാലെ കുടയുമായി പറന്നു നടക്കുന്നു ക്യാമറയുമായി വന്ന മൻസൂറും ലെൻസുമായി വന്ന അപ്പുവും.
പ്രകാശേട്ടൻ കൈക്കോട്ടുമായി വഴിനന്നാക്കാൻ പോയി. എത്രയും വേഗം വഴി നന്നാക്കണം. സുരക്ഷിതമായ
എവിടെയെങ്കിലും എത്തണം അല്ലെങ്കിൽ വീണ്ടും വഴിയിടിയാം. ഇരുട്ടിൽ എങ്ങുമല്ലാത്ത ഇടത്ത്
ഞങ്ങൾ കുടുങ്ങിപ്പോവും. ഇതൊക്കെ എനിക്കുമറിയാം. സംഗതി ഗുരുതരമാണ് ജീവന്മരണ പ്രശ്നം.
ഞാൻ ഒച്ചയിട്ടു. ട്രൈപ്പോഡ് എടുത്തുകൊണ്ടുവാ.. മറ്റുള്ളവർ വഴി നന്നാക്കുമ്പോഴെക്കും
ഞങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ എന്തു ഭ്രാന്തായിരുന്നു അതെന്ന്
ഊഹിക്കാനാവുന്നില്ല. വഴി നന്നാക്കുന്നവർ ഇടയ്ക്ക് ഒപ്പം കൂടാൻ ഒച്ചയിടുന്നുണ്ടായിരുന്നു.
ഒടുവിൽ അവർ വഴി നന്നാക്കിക്കഴിഞ്ഞപ്പോൾ വണ്ടി തള്ളിക്കയറ്റാൻ ഞങ്ങളെത്തി. വാഹനം തടസം
കടന്നപ്പോൾ മഞ്ഞുമലയിൽ ഷൂട്ട്ചെയ്യാൻ കരുതിയിരുന്ന സീൻ ഞങ്ങൾ ഷൂട്ട് ചെയ്തു. എല്ലാം
കഴിഞ്ഞപ്പോൾ റോഡിൽ വാഹനം മുന്നോട്ട് പോകാൻ കഴിയാത്തവിധം മുട്ടുവരെ പുതയുന്ന മഞ്ഞ് വീണുകഴിഞ്ഞിരുന്നു.
അന്നുമാത്രമല്ല തുടർന്നുള്ള
ദിവസങ്ങളിലും ഞങ്ങളെ കാത്തിരുന്നത് അനിശ്ചിതാവസ്ഥയും പ്രതികൂല കാലാവസ്ഥയുമായിരുന്നു… ഒരു പുസ്തകം തന്നെ എഴുതാവുന്നത്ര അനുഭവങ്ങളാണ്
ഇത്തവണത്തെ ഹിമാലയൻ യാത്ര നൽകിയത്. ഒരുപക്ഷെ ഞാൻ അതെഴുതുകയും ചെയ്തേക്കും.. തീർത്തും
അപരിചിതമായ സ്ഥലം, എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന റോഡ്, കടുത്ത കാലാവസ്ഥ, രാത്രി… ശരിക്കും ആ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ പിന്നീട്
ഓർക്കുമ്പോൾ ആരും ഒന്നു കിടുങ്ങിപ്പോവും. പക്ഷേ ആ നിമിഷം മനസിൽ ഓടിയത് സിനിമയുടെ ഫ്രെയിമുകൾ
മാത്രമായിരുന്നു. ക്യാമറാ ബഫിലെ നായകനെ എനിക്കിപ്പോൾ കൂടുതൽ മനസിലാവുന്നു.. കടുത്ത
മുഹൂർത്തങ്ങളെ വിരൽ പിണച്ചു ഫ്രെയിം ചെയ്യുന്ന രോഗം ഒരു ആഗോളപ്രതിഭാസമാവണം.