ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ്
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
അവൻ അവന്റെതന്നെ ഒരു പ്രതിമ
അവൻ അവന്റെതന്നെ മുൻകൂർ സ്മാരകം
(ഉടൻ തന്നെ അവൻ കൊല്ലപ്പെടും)
അവൻ ആലോചിക്കുന്നതെന്തെന്ന്
എനിക്കും നിങ്ങൾക്കും വ്യക്തമല്ലാത്തപോലെ
അവനും വ്യക്തമല്ലാതെ കാണപ്പെടുന്നു.
അവന്റെ കണ്ണുകൾ ചീഞ്ഞ മൽസ്യത്തിന്റെപോലെ
നിറംകെട്ട് മയങ്ങി കാണപ്പെടുന്നു.
അവൻ അവളെ കാത്തുനിൽക്കുകയാണ്.
അവൾ താമസിയാതെ അതാ ആ വളവുകഴിഞ്ഞ്
ഈ വേദിയിലേക്ക് പ്രവേശിക്കും..
അവളുടെ നിഴലുകൾ കരിമ്പിൻ കാട്ടിൽ അസ്തമിക്കുന്ന സൂര്യനെ
ഓർമിപ്പിച്ചുകൊണ്ട് ഈ തെരുവിനെ അലങ്കരിക്കും.
അവൾ ഉറുമ്പുകളെ നോവിക്കാതെ,
പൊടിപറത്താതെ അവന്റെ അരികിലെത്തും..
അവനും അവൾക്കുമിടയിൽ അവനും അവളും മാത്രമാവും..
അവൻ-നിശ്ചേതനമായ കണ്ണുകൾ കൊണ്ട് അവളെ നോക്കും..
അവന്റെ കണ്ണിൽ പുരളാതിരിക്കാൻ
അവളുടെ നിഴലുകൾ അവളെ മറച്ചുപിടിക്കും..
അവൻ അവളുടെ നിഴലുകളെ തിരിച്ചറിയുന്ന നിമിഷമാണിത്.
മഴവില്ലുപോലെ ആകർഷകമായ അവളുടെ നിഴലുകൾ..
ആരും തൊടാതെ അവളെ അവൾ സൂക്ഷിക്കുന്ന കവചം..
അവളിലേക്കുള്ള അവന്റെ ദൂരം..
അവൻ നിറപ്പകിട്ടുള്ള ആ നിഴലുകളെ വെറുക്കുന്ന നിമിഷമാണിത്.
എത്ര പരിശ്രമിച്ചാലും അവൻ അവന്റെ പ്രതിമയിൽ നിന്നുണരും.
എത്ര പരിശ്രമിച്ചാലും അവൻ അവളെ കടന്നുപിടിക്കും.
അവൾ ഉടയാടകൾ പോലെ അണിഞ്ഞിരിക്കുന്ന നിഴലുകളെ
അവൻ ഓരോന്നോരോന്നായി അഴിച്ചെടുക്കും..
അവൾ ഇതളുകളടർന്നുപോവുന്ന സൂര്യകാന്തിപ്പൂപോലെ നഗ്നയാവും..
അവളുടെ ഊർവരമായ നഗ്നതയിൽ നിന്നും പുറപ്പെടുന്ന
ഇരുണ്ട പ്രകാശം തെരുവിനെ മൂടും..
വെളിച്ചം കൊണ്ട് മറച്ചുവച്ചിരുന്നതൊക്കെ ഒരു നൊടി തിളങ്ങും
അവൻ അവളോട് അവന്റെ പ്രണയം പറയും..
അവന്റെ ചുണ്ടുകളിൽ ഒരു ചുംബനം വിറയ്ക്കും..
ഇതാ ഈ നിമിഷം വളരെ പ്രധാനമാണ്..
അവൾ അവളെ ഭയപ്പെടുന്ന നിമിഷം
അവളുടെ ഇരുണ്ടപ്രകാശത്തെ ഭയപ്പെടുന്ന നിമിഷം..
ഈ നിമിഷത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊരു നിമിഷം അവൾക്കില്ല..
ഇപ്പോൾ-ഇതാ ഇപ്പോൾത്തന്നെ അവൾ അവനെ തള്ളിമാറ്റും.
അഴിഞ്ഞുവീണ അവളുടെ നിഴലുകൾ എടുത്തു ചുറ്റും.
തെരുവിനെ മൂടിയ ഇരുണ്ട പ്രകാശം അസ്തമിക്കും.
വെളിച്ചം അതിന്റെ കബളിപ്പിക്കൽ തുടരും..
എല്ലാം പഴയപടിയാവും..
ഒന്നൊഴികെ
അവൻ കൊല്ലപ്പെട്ടിരിക്കും..
അവന്റെ ശിരസ് പൊടിതിന്നു വിശപ്പാറ്റും.
വായനക്കാരേ നിങ്ങൾ പുനർജനിക്കുകയാണെങ്കിൽ
ഈ തെരുവിൽ ഒരുവേള വരണം
ശിരസുപോയ ഒരു പ്രതിമയായി അവൻ തപസുചെയ്യുന്നതുകാണാം..
അവനെ കൊലചെയ്ത കുറ്റത്തിന് അവൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാം..