ദുഃഖത്തെക്കുറിച്ചൊരു പൊങ്ങച്ചം!

ദുഃഖത്തെക്കുറിച്ച് പ്രത്യേകിച്ചെന്തെങ്കിലും
പറയേണ്ടതുണ്ടോ?
മരണവീട്ടില്‍ പോയിട്ടുള്ളതല്ലേ
നിലവിളികളുടെ തിക്കിത്തിരക്കില്‍ ചവിട്ടുകൊണ്ടു ചതഞ്ഞ
ഒരു പതിഞ്ഞ തേങ്ങലെങ്കിലും കേട്ടിട്ടുണ്ടാകില്ലേ


പ്രണയപരാജിതരുടെ വിവാഹത്തിനു പങ്കെടുത്തിട്ടുള്ളതല്ലേ
ഫോട്ടോയ്ക്ക് പോസുചെയ്യുന്ന പുഞ്ചിരികള്‍ക്കിടയിലൂടെ
നുഴഞ്ഞിറങ്ങി കുനിഞ്ഞു നടക്കുന്ന
ഒരു നിശബ്ദനോട്ടത്തെയെങ്കിലും കണ്ടിട്ടുണ്ടാകില്ലേ
ദുഃഖത്തെക്കുറിച്ച് ഇനിയുമറിയണമെങ്കില്‍ വരൂ
ഇതാ ഇവിടെ എന്റെ അരികില്‍ വന്നിരിക്കൂ
ഞാന്‍ ഒരു കുഞ്ഞു ദുഃഖത്തെ
എന്റെ നെഞ്ചിന്‍ കൂടില്‍ അടച്ചിട്ടിരിക്കുന്നു
അത് ഇടയ്ക്കിടെ പിടഞ്ഞു കുതറുമ്പോള്‍
എന്നെയൊന്നു തൊടൂ വെറുതേയൊന്നു തൊടൂ
പ്ലീസ്...