ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.
ആള്‍ : ഹെയ്..എന്താദ് ഇത്ര മനോഹരമായ പായസം കഴിച്ചിട്ടും നിനക്ക് വിശേഷിച്ചൊന്നും തോന്നീല്ല!!.അതെന്താ കാര്യം?
നിഴല്‍ :എനിക്കൊന്നും തോന്നില്ല..അത്രതന്നെ..ഇയാള്‍ക്കതിത്ര ഇഷ്ടപ്പെടാനെന്താ കാര്യം അതാദ്യം പറ..
ആള്‍ : അത് പാചകം ചെയ്തിരിക്കുന്ന ആ രീതി..അതൊന്നു വേറെയാ.. (അയാള്‍ പാചകരീതി പറയുന്നു)
നിഴല്‍ ഓ! എന്ന മട്ടില്‍ നെറ്റി ചുളിക്കുന്നു
ആള്‍ : എന്താ ഇപ്പോഴും നിനക്ക് പായസം ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ?
നിഴല്‍ : ഇപ്പോ എനിക്ക് പായസം മാത്രമല്ല പാചകോം ഇഷ്ടപ്പെട്ടില്ല.
ആള്‍ : ഹെയ്..താനിതെന്താടോ ഇങ്ങനെ...ആരാ പാചകക്കാരനെന്നറിയാമോ തനിക്ക്..?
നിഴല്‍ : ആരാ?
ആള്‍ :പാചകക്കാരന്റെ പേരു പറയുന്നു)
നിഴല്‍ ഹും! എന്ന മട്ടില്‍ പുരികം വളയ്ക്കുന്നു.
ആള്‍ : എന്താ ഇനീം നെനക്ക് പായസം ഇഷ്ടമായില്ല?
നിഴല്‍ :ഇപ്പോ പായസോം പാചകോം മാത്രമല്ല പാചകക്കാരനേം ഇഷ്ടമായില്ലെനിക്ക്.
ആള്‍ വീണ്ടും വിശദീകരിക്കാന്‍ വായ തുറക്കുന്നു.
അയാളെ തടഞ്ഞു കൊണ്ട് നിഴല്‍ : ഇനിയാ പായസത്തെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാല്‍ പായസത്തേം പാചകത്തേം പാചകക്കാരനേം മാത്രമല്ല തന്നേം എനിക്കിഷ്ടപ്പെടാതെ വരും.
അതും പറഞ്ഞ് നിഴല്‍ നടന്നുപോയി
ആള്‍ അന്തംവിട്ട് നില്പായി