ഇന്നേക്ക് വെറും പതിനാറ് ദിവസങ്ങൾക്ക് മുൻപായിരുന്നു ആർ.സി.സിയിൽ ചികിത്സയിലിരുന്ന ശാരിയെക്കുറിച്ച്, ഭാര്യയെ ചികിത്സിക്കാൻ പണമില്ലാതെ വിധിയുടെ മുന്നിൽ നിസഹായനായി വാപൊളിച്ച് നിൽക്കുന്ന അനിൽ എന്ന സുഹൃത്തിനെക്കുറിച്ച് ഞാനിവിടെ ഈ പോസ്റ്റിടുന്നത്. അടുപ്പമുള്ള ഒരു മനുഷ്യന്റെ ഹൃദയം നോവുന്നത് ഒന്നും ചെയ്യാനാവാതെ നോക്കിനിൽക്കേണ്ടിവന്നതിന്റെ വേദനകൊണ്ട് എഴുതിപ്പോയതാണത്.... ഒരു നിലവിളി ഏതൊരു മനുഷ്യനിലും ഉണ്ടാക്കുന്ന ഒരു റിഫ്ലക്സുപോലെ നിമിഷങ്ങൾകൊണ്ട് ഇന്റർനെറ്റ് മലയാളം മുഴുവൻ ആ പോസ്റ്റ് ശ്രദ്ധിച്ചു.. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനിലിന്റെ അക്കൌണ്ടിലേക്ക് ലക്ഷങ്ങൾ സഹായധനമായി വന്നു..പിന്നീട് നടന്നതൊക്കെ അത്ഭുതങ്ങൾ... ഇന്നിപ്പോൾ പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... അനിലിന്റെ അക്കൌണ്ടിൽ ഇപ്പോൾ ഏഴുലക്ഷത്തിലധികം രൂപ വന്നു കഴിഞ്ഞു.. പണമില്ലാതെ പകച്ചു നിന്നിരുന്ന അവസ്ഥയിലല്ല അയാൾ ഇന്ന്.. തനിക്ക് ശാരിയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന് അനിലിപ്പോൾ ആത്മവിശ്വാസത്തോടെ പറയുന്നു.
പണം മാത്രമല്ല ഇന്റർനെറ്റിലൂടെ വന്നത്. ചങ്ങനാശേരിയിലുള്ള ഡോക്ടർ.സി.പി മാത്യുവിന്റെ അടുക്കലേക്ക് ശാരി എത്തിയതിനും ഇന്റർ നെറ്റ് തന്നെ കാരണം. ബ്ലോഗിലും ബസിലും ഒക്കെ നടക്കുന്ന ചാരിറ്റി പ്രവർത്തനത്തെക്കുറിച്ച് ഹിന്ദുവിൽ എസ്.ആനന്ദൻ എഴുതിയ വാർത്ത കണ്ടാണ് ഡോക്ടർ.സി.പി.മാത്യു, തനിക്ക് ശാരിയുടെ അസുഖം ചികിത്സിച്ചു മാറ്റാൻ കഴിയും എന്ന് പ്രത്യാശ നൽകിക്കൊണ്ട് മുന്നോട്ട് വരുന്നത്. അനിലും ഞാനും കിഷോറും ബൈജു എന്ന സുഹൃത്തും ചേർന്ന് അദ്ദേഹത്തെ പോയി കാണുകയും ശാരി അദ്ദേഹം നൽകിയ മരുന്നു കഴിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ രക്ത പരിശോധനയിൽ ശാരിയുടെ ബ്ലഡ് കൌണ്ടും പ്ലേറ്റ്ലെറ്റ് കൌണ്ടുകളും നോർമലായി വരുന്നതായി കാണുന്നു എന്ന് അനിൽ പറയുകയും ചെയ്തു.ഡോക്ടർ മാത്യുവിന്റെ ചികിത്സ ഫലിക്കുമെന്ന വിശ്വാസത്തിലാണ് അനിലും ശാരിയും ഇപ്പോൾ.. ഡോക്ടർ മാത്യുവിന്റെ മരുന്നുകൊണ്ട് ശാരിയുടെ അസുഖം മാറുന്നില്ല എങ്കിൽ ആർ.സി.സി.യിലെ മജ്ജമാറ്റിവെയ്ക്കൽ ചികിത്സയുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം..
ഇതിനിടെ, മജ്ജമാറ്റിവെയ്ക്കൽ ആവശ്യമാണെങ്കിൽ ചികിത്സയുടെ മുഴുവൻ ചെലവുകളും വഹിക്കാൻ കഴിയുന്ന ഒരു ഏജൻസിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടായിരുന്നു..ഇക്കാര്യം പറഞ്ഞുകൊണ്ട് അനിലിനെ രാവിലെ വിളിച്ചിരുന്നു..അങ്ങനെ ഒരു ഏജൻസി മുന്നോട്ട് വന്നാൽ നമ്മൾ നടത്തുന്ന ധനസമാഹരണം ആവശ്യമില്ലല്ലോ എന്ന് പറഞ്ഞു. താൻ ഒരു യാത്രയിലാണെന്നും തിരികെ വിളിക്കാമെന്നും അനിൽ പറഞ്ഞു.
കുറച്ചു കഴിഞ്ഞ് അനിൽ വിളിച്ചു... ശാരിയുടെ ചികിത്സ നടത്താനുള്ള മുഴുവൻ തുകയും ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്ന് അനിൽ പറഞ്ഞു.. ശാരിയുടെ ചികിത്സയുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ തനിക്ക് ഇപ്പോൾ കഴിയുമെന്നും ഇന്റർനെറ്റ് മുഖേനയുള്ള ധനസമാഹരണം ഇനി തുടരേണ്ടതില്ലെന്നും അനിൽ പറഞ്ഞു... തന്റെ നിസഹായാവസ്ഥയിൽ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു..
ഒരു ദിവസത്തെ മരുന്നിനു പോലും പണം കയ്യിലില്ലായിരുന്ന ഒരവസ്ഥയിൽ നിന്നും ശാരിയുടെ ചികിത്സയുമായി ഇനി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ കഴിയും എന്ന മനോബലത്തിലേക്ക് അനിൽ എത്തിച്ചേർന്നതിൽ സന്തോഷം.. ഇ-മെയിലിലൂടെയും മറ്റും വിവരങ്ങൾ അറിഞ്ഞ് അനിലിന്റെ അക്കൌണ്ടിലേക്ക് ഇപ്പോഴും ആളുകൾ പണമയച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ വിവരങ്ങൾ ഇവിടെ എഴുതുന്നത്... ശാരിയുടെ കാര്യത്തിൽ ഇനി പ്രാർത്ഥനകൾ മാത്രം... ശാരിയെപ്പോലെ വിധിയുടെ വെല്ലുവിളിയെ നേരിടാമെന്ന ധൈര്യം നേടാൻ മറ്റൊരാളെ സഹായിക്കാൻ നമുക്ക് കഴിയട്ടെ...
ശാരിയുടെ അസുഖം പൂർണമായും ഭേദപ്പെടട്ടെ എന്ന ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ....