ചുരമിറങ്ങുന്ന ബസ്,
പാതിയുറക്കത്തിൽ
സ്വപ്നം കാണുകയായിരുന്നു.
ബസിനുള്ളിൽ, ഹൃദയമിടിപ്പുകളുടെ
ചാക്കു കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു.
ഹെയർ പിന്നുകളിലെ
കുത്തുവളവുകളിൽ, അവ പരസ്പരം
ഞെങ്ങിഞെരുങ്ങി ചേർന്നിരുന്നു.
അപ്പോഴുണ്ടായ അധിക സ്ഥലങ്ങളിൽ,
തണുത്ത മേഘങ്ങളുടെ നാടോടിക്കുഞ്ഞുങ്ങൾ
തിക്കിത്തിരക്കി കയറിയിരുന്നു.
ബസ്, ഉൾച്ചിറകുകളിലെ
പഞ്ഞിത്തൂവൽ പോലെ,
കറങ്ങി കറങ്ങി കറങ്ങി
അടിവാരത്ത് ഇറങ്ങി നിന്നു.
സമതലത്തിലെ ചുടുകാറ്റ് വന്ന് തള്ളിയപ്പോൾ
മേഘക്കുഞ്ഞുങ്ങൾ ആരവത്തോടെ
ഇറങ്ങിയോടി
അപ്പോഴും അതൊന്നുമറിയാതെ
ചാക്കുകെട്ടുകളിലെ ഹൃദയമിടിപ്പുകൾ
പരസ്പരം നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു.
ചുരമിറങ്ങിക്കഴിഞ്ഞപ്പോൾ
സ്വപ്നം വിട്ടുണർന്നു കഴിഞ്ഞ ബസ്
നീട്ടത്തിൽ കോട്ടുവായിട്ട്,
അടഞ്ഞ ചെവിയിൽ വിരലിട്ട് തുറന്ന്,
ഉച്ചത്തിൽ ഹോണടിച്ച് പാഞ്ഞു.
ചാക്കുകെട്ടുകൾ,
അവരവരുടെ കമ്പോളങ്ങളെക്കുറിച്ച് ചിന്തിച്ച്,
തമ്മിൽ അറിയാത്തവരെപ്പോലെ വേർപെട്ടിരുന്നു...