കടൽമഴ

കടലേ...
കരിമ്പാറക്കെട്ടിന്റെ നെഞ്ചിൽ
തലയറഞ്ഞലറിക്കരയുന്ന
കാട്ടുകടലേ...
നിന്റെ,
വ്യഥകളറിഞ്ഞ്
മേഘങ്ങൾ കെട്ടിയ
പായ്ക്കപ്പലോടിച്ചുവരുകയാണൊരുമഴ..

നിലാവിന്റെ നേർത്ത ജനൽശീല
രാത്രിക്കുമീതേ വലിച്ചിട്ട്
അവനിന്നു നിന്റെമേൽ പെയ്യും
നിന്റെ ജലശയ്യ
നൂറു നൂറായി ചുളിഞ്ഞുപോകും.