പ്രണയങ്ങളുടെ ദൈവമേ, ചെകുത്താനേ..

അവൾക്കെന്നെ മുഴുവനായും വേണം;
എന്റെ പ്രിയഭാര്യയ്ക്ക്.

അവളുടെ അവകാശമാണു ഞാൻ.
മുടിമുതൽ കാൽനഖം വരെ,
അവൾക്കുള്ളത്.
പുഞ്ചിരിയും,
ചിരിക്കുമ്പോൾ ഇറുങ്ങുന്ന കണ്ണുകളും,
അവൾക്കുള്ളത്.

എന്റെ സങ്കടക്കുന്ന് അവൾക്കുള്ളത്
സ്വപ്നങ്ങളുടെ പായൽക്കുളം അവൾക്കുള്ളത്
ചുംബനങ്ങളുടെ കാട്ടുമുയൽ അവൾക്കുള്ളത്
അവളുടെ കയ്യിലാണെന്റെ താക്കോൽ

അവൾക്ക് മാത്രം തുറന്നുവായിക്കാനുള്ള പുസ്തകം ഞാൻ
അവൾക്ക് മാത്രം പൂട്ടിയിടാനും തുറന്നുവിടാനും അധികാരമുള്ള
ചിറകുവെട്ടിയ പക്ഷി ഞാൻ
അവൾക്ക് മാത്രം സ്വന്തം
എന്റെ എല്ലാം അവളുടെ അവകാശം
(അവൾ എനിക്കും സ്വന്തം
അവളുടെ എല്ലാം എന്റേയും അവകാശം.
ഞങ്ങൾ പരസ്പരം താക്കോൽ കൈമാറിയവർ)

അവൾ കലഹിക്കുന്നു
എന്റെ പ്രിയഭാര്യ കലഹിക്കുന്നു
തെന്നിനടക്കുന്ന പൂമ്പാറ്റയുടെപോലെ
അടഞ്ഞും തുറന്നുമുള്ള എന്റെ പുഷ്പസഞ്ചാരങ്ങളെക്കുറിച്ച്...
അവൾക്കെന്നെ മുഴുവനായും കിട്ടുന്നില്ലത്രേ

ചെകുത്താനേ
പ്രണയങ്ങളുടെ ദൈവമേ
എന്റെ പാതിയെങ്കിലും നീ എനിക്ക് വിട്ടുതരിക
അതിന്റെ പാതിയെങ്കിലും ഞാനവൾക്ക് കൊടുത്തോട്ടെ..