അവളോടുള്ള കൊതി
ഒളിപ്പിച്ചുവെച്ച്
അവൻ നടക്കുന്നു,
നോക്കരുത്
കൊതിക്കരുത്
സ്പർശിക്കരുതെന്ന്
ഒരു തടിച്ച നിയമപുസ്തകവും ചുമന്ന്,
സ്കൂളിലേക്ക്
കോളേജിലേക്ക്
ഓഫീസിലേക്ക്
ആശുപത്രിയിലേക്ക്
കോടതിയിലേക്ക്
ജയിലിലേക്ക്;
കൂനിപ്പിടിച്ച്.
അവൾ വരുന്നു
കാറ്റടിക്കുന്നു
അവൾ പൂത്തുമണക്കുന്നു,
കൊതി അവന്റെ കണ്ണുകളിലൂടെ
എത്തിനോക്കുന്നു.
അവളുടെ ശബ്ദം,
കണ്ണിലെ ജലം,
കണങ്കാലിലെ രോമം,
പച്ചക്കറിവെട്ടിയപ്പോൾ കത്തികൊണ്ട് മുറിവേറ്റ വിരൽ,
അവൻ ചകിതനാകുന്നു...
പുറത്തുചാടിക്കുതിക്കുന്ന കൊതിയെ
ഒറ്റപ്പിടുത്തത്തിനു വിഴുങ്ങി അവൻ നടക്കുന്നു.
അല്ല
ഓടുന്നു.
നോക്കിയില്ലല്ലോ
കൊതിച്ചില്ലല്ലോ
സ്പർശിച്ചില്ലല്ലോ എന്ന്
അവൻ വീട്ടിലെത്തുന്നു
കുളിക്കുന്നു
ഊണുകഴിക്കുന്നു
ഉറങ്ങാൻ കിടക്കുന്നു
കൊതി അപ്പോഴും കൊതിച്ചുകൊണ്ടേയിരിക്കുന്നു.
മകൾ,ഭാര്യ,അനുജത്തി,അമ്മ,അമ്മൂമ്മ...
അതൊന്നുമല്ല അവൾ...
അവൾ,
ഇതുവരെ രുചിച്ചിട്ടില്ലാത്ത രുചി
ഇതുവരെ മണത്തിട്ടില്ലാത്ത മണം
ഇതുവരെ സ്പർശിച്ചിട്ടില്ലാത്ത സ്പർശം
കൊതി അവനെ ഉറക്കുന്നില്ല
ഭാര്യയിൽ നിന്ന്
എങ്ങനെ ഒളിപ്പിക്കും ഈ കൊതിയെ എന്ന്
ബദ്ധശ്രദ്ധനായി അവൻ ഉറങ്ങുന്നു.