എത്ര ലളിതം



എത്ര നിസാരമായും ഒരു കൊലപാതകം നടത്താം.
പക്ഷേ നിനക്കതറിയില്ല.
പെരുവിരലും ചൂണ്ടുവിരലും ചേർത്തമർത്തി
ഞാൻ പുഴുക്കളെ കൊല്ലുന്നത് കണ്ട് നീ ഛർദ്ദിച്ചു.
പുഴു ചത്തതിലല്ല, എന്റെ വിരലിൽ
അതിന്റെ ചലം പുരണ്ടതിലായിരുന്നു നിനക്ക് പ്രശ്നം.
ഒരു കല്ലെടുത്ത് പുഴുവിന്റെ തലയിൽ
ഇടിച്ചാൽ മതിയായിരുന്നു.

നീ പറഞ്ഞു.
കഴുത്ത് കയർ പോലെ പിരിച്ച് ഞാൻ
ഒരു കോഴിയെ കൊന്നത് കണ്ടും നീ ചുറ്റി വീണു.
കോഴി ചത്തതിലല്ല അതിന്റെ ആ പിടപിടപ്പ്
കണ്ടു നിന്നതിലാണ് നിനക്ക് പ്രശ്നം.
ദൂരെയെവിടെയെങ്കിലും കൊണ്ട്പോയി
കെട്ടിത്തൂക്കിയിട്ടു പോന്നാൽ മതിയായിരുന്നു
നീ പറഞ്ഞു.
പാറ്റകളെ, ചിലന്തികളെ, കരിച്ചകളെ ഞാൻ
ചവുട്ടിക്കൊന്നാൽ
നീ നിലവിളിക്കും,
ഒരു ചൂലെടുത്ത് തല്ലിക്കൊല്ലൂ എന്ന്.
ഉറുമ്പുകളെ ചുവരോട് ചേർത്ത്
കൈപ്പത്തികൊണ്ട് ഞെരിച്ചാൽ
നിനക്കിഷ്ടമാവില്ല.
എന്തായാലും അവറ്റകൾ ചാവുകയല്ലേ,
എന്തായാലും ഞാൻ കൊല്ലുകയല്ലേ,
നിനക്ക് എല്ലാം സങ്കീർണമാക്കണം.
നിനക്കറിയില്ലല്ലോ,
എത്ര എളുപ്പത്തിൽ ഒരുകൊലപാതകം നടത്താമെന്ന്.
ഒരുനാൾ അത് നീ പഠിക്കും,
ഞാൻ നിന്നെയോ നീ എന്നെയോ കൊല്ലുമ്പോൾ.