മഴപെയ്യുംവരെ

ഏറെക്കാലങ്ങൾക്ക് ശേഷം
ഇന്നു പെയ്ത മഴ
ഒരു ദിവസത്തേക്കുമാത്രമായി
ഈ പെരുവഴിയെ
ഒരു നദിയാക്കിമാറ്റി.

കുന്നിന്റെ ഉച്ചിയിൽ നിന്നും ജലം
തുള്ളിയോട് തുള്ളി ചേർന്ന്
പെരുവെള്ളമായി താഴേക്ക്
ആർത്തലച്ചൊഴുകി.


ഇക്കാലമത്രയും
കുന്നിൻ‌മുകളിലെ കൃഷിയിടങ്ങളിലേക്ക്,
വീടുകളിലേക്ക്,
ആകാശത്തിലേക്ക്
കയറിപ്പോയ എല്ലാ കാൽ‌പ്പാടുകളേയും
അത് കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയി.

മഴകഴിഞ്ഞു.
ഒരു ദിവസമെങ്കിലും ആയുസുള്ള നദിയാവാൻ
കാത്തിരുന്നപോലെ
വഴി, ആഗ്രഹപൂർത്തിയിൽ അസ്തമിച്ചു.
ഇപ്പോളത്
കഴുകിവെടിപ്പായ ഉടഞ്ഞ മണ്ണ് ,
ഈർപ്പമുള്ള മണ്ണ്.
ഇന്നതിൽ ആദ്യം പതിയുന്ന കാൽ‌പ്പാട്
ഒരു പുതിയ ലക്ഷ്യം കുറിക്കും.

വീണ്ടും കുന്നിന്മുകളിലെ
കൃഷിയിടങ്ങളിലേക്ക്,
വീടുകളിലേക്ക്,
ആകാശത്തിലേക്ക്
കാലടയാളങ്ങളുടെ ഒരു എതിരൊഴുക്ക് രൂപം കൊള്ളും.
കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു മഴപെയ്യും.