ഒച്ച്‌

തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവിൽ ജീവിക്കുകയാണു ഞാൻ.

നിങ്ങളുടെ ഉത്തരവ്‌
അക്ഷരം പ്രതി പാലിക്കുന്നതിന്‌,
എനിക്കു ചുറ്റും ഒരു ജയിൽ
കൊണ്ടു നടക്കുന്നുണ്ട്‌ ഞാൻ,
അഴിയും അറയും
ഞാൻ തന്നെയായ
അതിന്റെ ഭിത്തികളിൽ
മറന്നുപോകാതെ
എഴുതിവെച്ചിട്ടുണ്ട്‌
നിങ്ങളുടെ നിയമങ്ങൾ.
കാണരുത്‌,
പറയരുത്‌,
തൊടരുത്‌...

എന്റെ പിന്നാലെ പായുന്നതെന്തിന്‌
ഞാൻ സ്വയം തടവിലാണല്ലോ....?