ആലിംഗനം

ഒരു പെണ്ണായി പിറന്നിരുന്നെങ്കിൽ ഞാൻ
എന്നിലേക്കു വരുന്ന ഓരോ പുരുഷനോടും പറഞ്ഞേനെ,
'ഹേ പുരുഷാ, നിന്റെ ചലിക്കുന്ന ശരീരാവയവങ്ങളിൽ
ഏറ്റവും ചെറുതായ ലിംഗം കൊണ്ട്‌ എന്നെ തൊടരുത്‌,
നിന്റെ ദീർഘമായ കൈകളും,
ബലിഷ്ഠമായ കാലുകളും,
താമരപോലെ ആയിരം ഇതളുകൾ വിടർന്ന
മുഖപേശികളും കൊണ്ട്‌
എന്നെ പുണർന്നും മുകർന്നും ശ്വാസം മുട്ടിക്കൂ...

നിന്റെ ഹൃദയത്തിന്റെ ഉറവകൾ
വിയർപ്പുചാലുകളായി എന്റെ ശരീരത്തിലൂടെ ഒഴുകട്ടെ ....'

എന്തുചെയ്യാൻ..
ഞാൻ ഒരു ആണായി പിറന്നു
പുരുഷനായി വളർന്നു
പെണ്ണായിപിറന്നിരുന്നെങ്കിൽ പറയാൻ കരുതിയതൊന്നും
ആണായപ്പോൾ ഒരു പെണ്ണും എന്നോട് പറഞ്ഞില്ല.
ഞാൻ വലുതായി
വലുതായി വലുതായി
ഒരു ലിംഗത്തോളം ചെറുതായി
ആഗ്രഹത്തോടെ നോക്കുന്ന ഓരോ പെണ്ണിനേയും
ചലിക്കുന്ന ശരീരാവയവങ്ങളിൽ ഏറ്റവും ചെറുതായ
ലിംഗം കൊണ്ടു തൊടാൻ കൊതിച്ചു,
സുദീർഘങ്ങളായ കരങ്ങളേയും, ബലിഷ്ഠങ്ങളായ കാലുകളേയും
കടൽത്തിരപോലെ ചലനാത്മകമായ
മുഖപേശികളേയും കുറിച്ച്‌ ഓർക്കുകപോലും ചെയ്യാതെ...