കണ്ടുകണ്ടിരിക്കുന്നൊരെന്നെ - 2

കിടന്ന കിടപ്പിൽ മേലോട്ടു വിക്ഷേപിച്ച തുപ്പ്
കീഴ്പോട്ടുവരാതെ മേലോട്ട് മേലോട്ട്
പോയ്പോയ്പോയിരുന്നു
അത് ആകാശത്തിന്റെ വാതിൽ തുറന്ന്
ദൈവത്തിന്റെ കാലിൽ ചെന്നടിച്ചു
അന്തരീക്ഷത്തിൽ അശരീരിയുണ്ടായി.
“തുപ്പരുതപ്പാ അത് തപ്പ്” ..

കിടകിടന്ന് കിടകിടന്ന് ഞാൻ മരച്ചുപോയിരുന്നു
മുതുക് പലകപോലെ,
മരം പോലെ കൈകാലുകൾ,
ഗോലിപോലെ കണ്ണുകൾ,
അടുപ്പുപോലെ മൂക്ക്,
വാ....വാ പോലെ തന്നെ, തുറന്ന്...
ചത്തുപോയൊരൊച്ചുപോലെ എന്റെ....
(വേണ്ട നിങ്ങൾ അതിഷ്ടപ്പെടില്ല
അതു പുറത്തിനി വരാതെ ഉൾവലിഞ്ഞു.)
എന്നെക്കിട്ടിയതിന്റെ ആവേശം അന്തരീക്ഷത്തിൽ മുഴങ്ങി
എനിക്കുചുറ്റും ആൾക്കൂട്ടത്തിന്റെ ഒരു ആൽമരം വളർന്നു
നിലത്തുമുട്ടാത്ത ആയിരം വേരുകൾ കൊണ്ട്
അത് എന്നെ വരിഞ്ഞു
ഞാൻ ഉയർത്തപ്പെട്ടു..
തിരഞ്ഞുവന്നവരുടെ തിരയാൽ നയിക്കപ്പെട്ടു,
തിരയിൽ നിന്നും തിരയിലേക്ക്....
എങ്ങോട്ടു കൊണ്ടുപോകുന്നു എന്നെ?
ഞാൻ ചോദിച്ചു.
ആരും ഒന്നും പറഞ്ഞില്ല
എന്തിനു കൊള്ളാം എന്നെ ?
ഞാൻ ചിന്തിച്ചു
ആരും അതു കേട്ടില്ല
നിങ്ങൾ എന്നെ തിന്നുമോ?
ചൂണ്ടയിൽ വീണ മീനിനെപോലെ
ചിതമ്പലുകൾ ചെത്തി,
വെടിയേറ്റു വീണ കൊറ്റിയെപ്പോലെ
ചിറകുകൾ വെട്ടി,
കെണിയിൽ വീണ മാനിനെപ്പോലെ
കൊമ്പുകൾ പുഴക്കി
നിങ്ങളെന്നെ പൊരിച്ചു തിന്നുമോ?
ചില്ലകൾ വെട്ടിയ മരത്തെപ്പോലെ
അറുത്തുകീറി,
ഉടച്ചൊരുക്കിയ പാറപോലെ
കൊത്തിമിനുക്കി,
നനച്ചുകുഴച്ച മണ്ണുപോലെ
ചെത്തിച്ചെതുക്കി,
നിങ്ങളെന്നെ പ്രതിഷ്ഠചെയ്യുമോ?
ഞാനുറക്കെ ചോദിച്ചു....
ആരും ഒന്നും കേട്ടില്ല.
എനിക്ക് കരച്ചിൽ വന്നു.
കാതുപൊട്ടന്മാർ ഇവരെന്നെ കേൾക്കുന്നില്ലല്ലോ!
എനിക്കുമുള്ളതുപോലെ നിങ്ങൾക്കുമില്ലേ
ജീവിതങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സങ്കടങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സംശയങ്ങൾ?
പറയിനെടാ നായിന്റെ മക്കളേ
ഞാനാക്രോശിച്ചു.
അതുകേട്ട് ഒരു നായിന്റെ മോൻ എനിക്ക് മുകളിലിരുന്ന്
നേരേ താഴേക്ക് ഒരൂക്കൻ തുപ്പു തുപ്പി
ഹൊ!
അത് ആകാശത്തിന്റെ അരിപ്പകടന്ന്
കാറ്റുകളുടെ കടലുതുഴഞ്ഞ്
ഉച്ചവെയിലിന്റെ പുതപ്പു പറത്തി
എന്റെ മുഖം കഴുകി.
എന്റെ എല്ലാ സംശയങ്ങളും നിലച്ചു...