സ്മാരകം

കെട്ടിക്കിടപ്പിന്റെ മടുപ്പും
ആർദ്രതയുടെ തുടിപ്പും ചേർന്ന്
ഒരു അരുവിയെ സൃഷ്ടിച്ചു.
പർവ്വതങ്ങളുടെ മുകളിൽ നിന്നും
പാറകളുടെ കാരാഗൃഹം ഭേദിച്ച്
അത് താഴേക്ക് ചാടി.
ചിതറിയ ശരീരം
സ്വാതന്ത്ര്യാഭിവാഞ്ജയിൽ തുന്നിച്ചേർത്ത്
അത് ഒഴുകാൻ തുടങ്ങി.
വയസൻമരങ്ങൾ വേരുകൾകൊണ്ട് തടസം നിന്നു.
പർവതശിഖരങ്ങൾ വഴിമുടക്കിക്കൊണ്ട് ഇടിഞ്ഞുവീണു.

നുറുങ്ങുന്ന വേദനയിലും അത്
എതിർപ്പുകളെ ചെറുത്തുമുന്നേറി
നിന്നിടത്തുനിന്നൊരിക്കലും മാറാത്തവയുടെ പ്രതിബന്ധങ്ങൾ
മാറ്റംതന്നെ ജീവിതമാക്കിയതിന്റെ മുന്നിൽ അടിപതറി.
സ്വാതന്ത്ര്യത്തിന്റെ കൊച്ചുകൊച്ചുമുദ്രാവാക്യങ്ങളുമായി
അരുവികൾ കൂടിച്ചേർന്നു.
ഒരു ബൃഹത്തായ പുഴ ഉരുവം കൊണ്ടു.

കാട്ടിൽ നിന്നും പുഴ പുറത്തുകടന്നു.
ഗ്രാമങ്ങളിലൂടെ അതിന്റെ പ്രയാണം കണ്ട് ജനം കുളിരുകൊണ്ടു.
അതിരുകൾ വലുതാക്കി വലുതാക്കി പുഴ കരുത്തുനേടി,
തടയണകളെ ഭേദിച്ച് മുന്നേറി.
സ്വാതന്ത്ര്യത്തിന്റെ ഇരമ്പം കേട്ട് ഉറങ്ങിക്കിടന്നവർ ഉണർന്നു.
പ്രളയത്തിൽ അവരുടെ വിശ്രമപ്പുരകൾ തകർന്നു.
വേലികെട്ടിത്തളർത്താവതല്ല പുഴയെന്നവരറിഞ്ഞു.

ഗ്രാമത്തിൽ നിന്നും പുഴ പുറത്തുകടന്നു.
നഗരത്തിലൂടെ അതിന്റെ പ്രഭാവം തെളിയിച്ചു മുന്നേറി.
പുഴയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു നഗരം.
എല്ലാ വാതിലുകളും പുഴയിലേക്ക് തുറന്നു
എല്ലാ കുഴലുകളും പുഴയിലേക്ക് തുറന്നു
ചെറിയ ചെറിയ അരുവികളെ നൽകി
നഗരം തന്നെ ശക്തിപ്പെടുത്തുന്നതുകണ്ട്
പുഴ സംതൃപ്തയായി.

കൂറ്റൻ കെട്ടിടങ്ങൾ കണ്ട് ഭ്രമിച്ചു .
പടുകൂറ്റൻ ശബ്ദങ്ങളിൽ മതിമറന്നു.
എതിർപ്പുകൾ കെട്ടടങ്ങിക്കഴിഞ്ഞെന്നുറച്ച്
മുന്നോട്ട് മുന്നോട്ടെന്ന് ജപിച്ചുകൊണ്ടിരുന്ന
ഒഴുക്കിനെ നിരാകരിച്ച്,
അത് സമ്പന്നമായ നഗരത്തിൽ കെട്ടിക്കിടന്നു.

ജലത്തിന്റെ നിരാകരണത്താൽ മരിച്ച ഒഴുക്കിന്
സ്മാരകമാണ് ഈ കുറിപ്പ്...
(ജലം ഇനിയും ജീവിച്ചിരിക്കുന്നു)