കളരി

പരാജയം ഒരു താന്തോന്നിയാണ്
ആരുടെയും മുന്നിൽ തലകുനിക്കില്ല.
വിജയത്തെപ്പോലെ-
മുണ്ടിൻ കുത്തഴിച്ചുപിടിച്ച്
കെതുങ്ങിത്തൊഴുത്
വിനയത്തിന്റെ കളരികാണിക്കാറില്ല.

വലിക്കണമെന്ന് തോന്നുമ്പോൾ വലിക്കും,
കുടിക്കണമെന്ന് തോന്നുമ്പോൾ കുടിക്കും
(അച്ഛന്റെ മുന്നിലായാലും
അച്ചന്റെ മുന്നിലായാലും),
കിടക്കണമെന്ന് തോന്നുമ്പോൾ കിടക്കും
(ഓടയിലാണെങ്കിലും),
പെടുക്കണമെന്ന് തോന്നുമ്പോൾ പെടുക്കും
(റോഡ് വക്കിലാണെങ്കിലും).
വിജയത്തെപ്പോലെ-
വെളുപ്പല്ല വേഷം.
പൊടിമണ്ണിന്റെനിറം
മുഷിഞ്ഞ മനുഷ്യന്റെ മണം..

നീ വിജയം എന്നു പറയുമ്പോൾ
വിജയത്തിന്റെ നിൽ‌പ്പുകാണണം
താണു താണ് ഭൂമിയോളം പറ്റി
ചുണ്ടിനും ചെവിക്കുമിടയിൽ
അളന്നൊട്ടിച്ച ഒരു ചിരിവിടർത്തി
തലചെരിച്ചും കുനിച്ചും
വിനയം ചുരത്തി..

പരാജയം ഒരു തെമ്മാടിയാണ്
നീ പരാജയം എന്നു മുഖം നോക്കി പറഞ്ഞാലും
കൂസലില്ലാത്ത നിൽ‌പ്പ്
പോയിനെടാ മൈരുകളേ
എന്ന ഭാവം..
മാർബിൾ തറയിലെ
വെറ്റത്തുപ്പൽ..
ചൈനാക്ലേ ആഷ്ട്രേയിലെ
മുറിബീഡി..
വെളുത്ത സിങ്കിലെ
കൊഴുത്ത ഛർദ്ദിൽ..
തറ...

ഈയിടെ ആരോ
പരാജയത്തിന്റെ മുഖത്തുനോക്കി-
നീ വിജയം എന്നു പറഞ്ഞുവത്രേ
എന്തതിശയം
പരാജയം ഒന്നു ഞെട്ടി
മടക്കുകുത്തഴിച്ചിട്ടു
കൈകൂപ്പി തലചെരിച്ചു
തോളുവളച്ച്
കളരിതുടങ്ങി
വിനയത്തിന്റെ കളരി