തിരിച്ചറിയപ്പെടുന്നതിന്റെ അടയാളങ്ങൾ



ഈ നിമിഷം നിങ്ങളെന്നെ തിരിച്ചറിഞ്ഞത്
പറന്ന മുടികണ്ടാണോ,
മൂക്കിലെ മറുകുകണ്ടാണോ
നടത്തയിലെ മുടന്തുകണ്ടാണോ,
വടിക്കാത്ത താടികണ്ടാണോ
എന്നൊന്നും എനിക്കറിയില്ല...

അറിയാമായിരുന്നെങ്കിൽ,
തിരിച്ചറിയപ്പെടുന്നതിന്റെ
അടയാളങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ
ഞാൻ ബദ്ധശ്രദ്ധനായേനെ..

അതൊന്നും സൂക്ഷിക്കാത്തതിനാലാണോ
അടുത്തനിമിഷം നിങ്ങളെന്നെ
തിരിച്ചറിയാതെ പോകുന്നത്?

നിങ്ങൾ തിരിച്ചറിയാതെ പോകുമ്പോഴും
എനിക്കു നിങ്ങളെ തിരിച്ചറിയാനാകുന്നു
എന്നതാണ് എന്റെ പ്രതിസന്ധി

ആനമുടിപോലെ,അറബിക്കടലുപോലെ
ദിനം പ്രതി രൂപഭാവങ്ങൾമാറിയാലും
എനിക്കറിയാനാകുന്നു നിങ്ങളെ....

ചിലനേരങ്ങളിൽ നിങ്ങൾ പെട്ടെന്ന്
അറബിക്കടലുകളോ ആനമുടികളോ
ആകുന്നതാണോ നിങ്ങളുടെ പ്രതിസന്ധി!

എന്തായാലും ശരി,
ഏറെ നാൾ തിരിച്ചറിയപ്പെടാതെ
മോർച്ചറിയിൽ കിടക്കുന്ന ശവത്തെയെന്നപോലെ
പൊടുന്നനെ ഒരുനാൾ നിങ്ങളെല്ലാം കൂടി
വന്ന് തിരിച്ചറിഞ്ഞുകളയുമോ
എന്നതാണെന്റെ ഇപ്പോഴത്തെ പേടി...