ഇടപെടുന്നവളേ
എനിക്ക് എന്നെക്കുറിച്ച് നൽകാൻ
ഉറപ്പൊന്നുമില്ല
ബില്ലും ഗാരന്റി കാർഡുമില്ലാതെ
തെരുവുകച്ചവടക്കാരനിൽ നിന്നും വാങ്ങിയ
ചൈനീസ് യന്ത്രമാണെന്ന് എന്നെ കണ്ടാൽ മതി
നിന്റെ ഹൃദയം എന്നിലോടിക്കുമ്പോൾ
ഒരുപക്ഷേ നിന്റെ സ്ക്രീനിൽ തെളിയുക
എന്റെ വിചിത്ര ഭാവനകളാവും
നീയത് കണ്ട് തളർന്ന് പോകരുത്
എന്നെ വലിച്ചെറിയരുത്
ഞാനങ്ങനെയാണ്
ഒന്നിനും ഒരുറപ്പുമില്ലാത്തവൻ
വിരലുകളുള്ളതിനാൽ സ്പർശം കൈവിട്ട് പോകുന്നവൻ
ചുണ്ടുകളാൽ ചിലപ്പോഴെങ്കിലും ഭരിക്കപ്പെടുന്നവൻ
ലിംഗം മിക്കപ്പോഴും തെറ്റായ വഴിയിലേക്ക്
ചൂണ്ടിത്തരുന്നവൻ
സ്നേഹം നിറഞ്ഞാൽ പിന്നെ
സ്വാതന്ത്ര്യത്തിന്റെ അതിർത്തികളെ
കാണാൻ കഴിയാത്തവൻ
ഇടപെടുന്നവളേ
എന്നെക്കുറിച്ച് എനിക്ക് നൽകാനുള്ളത്
ഒരു മുന്നറിയിപ്പ് മാത്രമാണ്
ലിംഗമുണ്ട് സൂക്ഷിക്കുക
സ്നേഹം അതിന്റെ കാവലിലാണ്