കാണികൾ സംവിധാനം ചെയ്യുന്ന നാടകം

ഉള്ളവരെപ്പോലെ ഇല്ലാത്തവരും
ഇല്ലാത്തവരെപ്പോലെ ഉള്ളവരും
തന്മയത്വത്തോടെ അഭിനയിക്കേണ്ടുന്ന
ഒരു നാടകത്തിൽ,
ഉള്ളതോ ഇല്ലാത്തതോ
എന്നറിയാത്ത ഒരു
സംഘർഷത്തിന്റെ
സന്നിവേശ ഘട്ടത്തിൽ
പെട്ടെന്നൊരു
പ്രധാന നടൻ
അഭിനയം മറന്നു.

നാടകത്തിലേക്ക്
സ്വയം മറന്ന്, ഭാവം പകർന്ന്
അരങ്ങുവാണിരുന്ന
കഥാപാത്രങ്ങളെ അയാൾ
നടീനടന്മാരുടെ പേരുവിളിച്ച്
സംബോധന ചെയ്യാൻ തുടങ്ങി

കർട്ടൻ താഴ്ത്തി,
അയാളെ വലിച്ചു പുറത്താക്കി-
കളി തുടരാൻ കഴിയാത്ത
മുഹൂർത്തമായതിനാൽ
നാടകം അങ്ങനെതന്നെ തുടർന്നു.

എഴുതപ്പെട്ട സ്ക്രിപ്റ്റിനെ
ഉല്ലംഘിച്ച്, അത് വിപ്ലവകരമായ
ഒരു സ്വാതന്ത്ര്യത്തെ പുൽകി

നടന്മാരുടെ ദ്വന്ദ്വഭാവം കണ്ട്
കാണികൾ അമ്പരന്നു

എടേ പ്രകാശാ
നിന്റെ റോള്
ചങ്കരൻ കണിയാന്റെ അല്യോടെ എന്നും
എടീ കൊച്ചമ്മിണീ നിന്റെ റോള്
സാവിത്രിക്കൊച്ചമ്മേരെ അല്ല്യോടീ
എന്നുമൊക്കെ അവർ സംവിധാനം തുടങ്ങി