പഞ്ചതന്ത്രം
തോട്ടുവരമ്പത്തൂടെ
നടക്കാന്‍ വയ്യ.
‘ഞങ്ങടെ പള്ള കീറി
പഠിച്ചതെന്തെങ്കിലും
ഓര്‍മ്മയുണ്ടോ സാര്‍..’
തവളകള്‍ പരിഹസിക്കുന്നു.
നാട്ടിടവഴിയേയും
നടക്കാന്‍ വയ്യ.
ചെമ്പരത്തിപ്പൂക്കള്‍
പരിഹസിക്കുന്നു
‘പിളര്‍ന്നെടുത്ത ഗര്‍ഭപാത്രങ്ങളും
ജനിദണ്ഡുകളും
എന്തു ചെയ്തു സാര്‍..’
വേലിപ്പുറത്ത്
വെയില്‍ കായാനിരുന്ന
ഓന്തുകള്‍ മുഖം കറുപ്പിച്ചു
ഇരുണ്ടവിടവുകളില്‍ നിന്നെത്തിനോക്കി
പാറ്റകള്‍ മീശവിറപ്പിച്ചു
ഒച്ചുകള്‍,പുല്‍ച്ചാടികള്‍
പൂമ്പാറ്റകള്‍ പുഴുക്കളൊക്കെയും
പുച്ഛഭാവത്തില്‍ ചോദിക്കുന്നു
‘ഞങ്ങളുടെ ശാസ്ത്രനാമം
എന്താണു സാര്‍..’
ഉത്തരമില്ലാതെ
തലയും തൂക്കി നടക്കുമ്പോള്‍
തെങ്ങിന്‍ തടിമേലിരുന്ന്
‘ഷെയിം ഷെയിം’വിളിക്കുന്നു
അണ്ണാറക്കണ്ണന്മാര്‍
പൂവാലന്‍ കോഴികള്‍ വിളിക്കുന്നു
‘ഗോ ബാക്ക്..ഗോ ബാക്ക്‘
വീട്ടിലെത്തിയപാടെ
ഞാനെന്റെ ജന്തുശാസ്ത്ര പുസ്തകം
പൊടിതട്ടി തുറന്നു നോക്കി
ഉള്ളടക്കം...പഞ്ചതന്ത്രം കഥ.
Photo: Will Simpson