മരിക്കുമ്പോള്‍ എന്നെ
എംബാം ചെയ്യുന്നതാണ് നല്ലത്.
നീണ്ടു നിവര്‍ന്ന് കിടക്കുന്നതായോ....
നെഞ്ചുവിരിച്ച് നില്ക്കുന്നതായോ...
അതിന് ബുദ്ധിമുട്ടുകളൊന്നും
ഉണ്ടാക്കാത്ത വിധമാണ്
ഞാന്‍ ജീവിക്കുന്നത്.
ഒരിക്കലും കുനിക്കില്ല എന്ന്
ബലം പിടിച്ച തല
കഴുത്തിനുമുകളില്‍
നിവര്‍ന്നുതന്നെ ഇരിപ്പുണ്ടാകും.
ആര്‍ക്കുമുന്നിലും വളക്കില്ലെന്ന
കടുമ്പിടുത്തത്തില്‍ നട്ടെല്ലും
നിവര്‍ന്നുതന്നെ കാണും.
മടക്കാന്‍ മനസില്ലെന്ന്
വെല്ലുവിളിച്ച് വിളിച്ച്
കാലുകളും വടിപോലെ
നീണ്ട് നിവര്ന്നുണ്ടാകും.
മുറുക്കിപ്പിടിച്ച കൈവിരലുകള്‍
നിവര്‍ത്താന്‍ പാടുപെട്ടേക്കുമോ !
ഇനിമുതല്‍ ഉറങ്ങുമ്പോഴും
വിരലുകള്കൂടി ഞാന്‍
നിവര്ത്തിപ്പിടിച്ചോളാം