പാചകം ചെയ്യുന്ന
പുരുഷന്മാരുടെ
ഐക്യരാഷ്ട്ര സഭ
സമ്മേളിച്ചിരിക്കുകയാണ്.
സ്ത്രീകളെക്കുറിച്ചുള്ള
വേവലാതികളാണിവിടെ
മുഖ്യമായ ചര്‍ച്ചാവിഷയം.
വിഷയത്തിന്റെ
തീവ്രത ആലേഖനം ചെയ്ത
പുസ്തകങ്ങള്‍,ടെലിഫിലിമുകള്‍
വീഡിയോ ക്ലിപ്പിങ്ങുകള്‍ എല്ലാം
കുറഞ്ഞ വിലക്ക് കിട്ടും.
ദരിദ്രനായ ഏതോ
ഫിലിപ്പീനിയുടെ
സുന്ദരിയായ പെങ്ങളാണ്
എന്റെ മൊബൈല്‍ ഫോണില്‍
നാലുപേര്‍ക്കൊപ്പം തന്റെ
സുഖദുഃഖങ്ങള്‍ പങ്കുവൈക്കുന്നത്.
ഭാരതീയനായ
ഏതോ മകന്റെ
നിരാലംബയായ
അമ്മയാണ് വസ്ത്രങ്ങളുടെ
അഭാവത്തിലും ചിരിച്ചുകൊണ്ട്
അയല്‍ക്കാരായ ബംഗാളികളുടെ
അലമാരച്ചുവര്‍ അലങ്കരിക്കുന്നത്.
പലായനം ചെയ്ത
ഏതോ ഇറാഖിയുടെ
പ്രായപൂര്‍ത്തിയാകാത്ത
മകളതാ,ചുവരിനപ്പുറത്തെ
പാക്കിസ്ഥാന്‍ പ്രതിനിധിയുടെ
ടിവിയില്‍ക്കിടന്ന് അനാവശ്യമായി
ഒച്ച വച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.