പണ്ടു പണ്ടാണ്
എന്നു വച്ചാല്‍
ഇന്നും ഇന്നലെയുമൊന്നുമല്ല
മിനിഞ്ഞാന്നും ആണെന്നു തോന്നുന്നില്ല
അതിനും മുന്‍പ് എപ്പൊഴോ ആണ്.
ആരോ ഒരാളാണ്
എന്നു വച്ചാല്‍
ഞാനല്ല
എന്റെ ഭാര്യയും
കുഞ്ഞുങ്ങളുമൊന്നുമല്ല
വേറെ ആരോ ഒരാളാണ്.
എവിടെയോ വച്ചാണ്
എന്നു വച്ചാല്‍
അമേരിക്കയിലും
ബ്രിട്ടണിലും
ചൈനയിലും ഒന്നുമല്ല
സൌദി അറേബ്യയിലുമല്ല
മറ്റെവിടെയോ വച്ചാണ്.
എന്തോ ഒന്നാണ്
എന്നുവച്ചാല്‍
ഷെയര്‍ മാര്‍ക്കറ്റ് പൊട്ടിയതും
ക്രിക്കറ്റില്‍ തോറ്റതും ഒന്നുമല്ല
മറ്റെന്തോ ഒന്നാണ്
സത്യം പറയട്ടെ
എനിക്കിപ്പോള്‍
വ്യക്തമായി ഒന്നുമോര്‍ക്കാന്‍
കഴിയുന്നില്ല.
ഓര്‍മ്മപ്പെടുത്തല്ലേ
ഓര്‍മ്മപ്പെടുത്തല്ലേ
ഞാനൊന്നു സ്വസ്ഥമായി
ജീവിച്ചു പൊയ്ക്കോട്ടെ.