കടുത്ത യാഥാര്‍ഥ്യങ്ങളുടെ
അപ്രഖ്യാപിതമായ
അടിയന്തിരാവസ്ഥയില്‍
മര്‍ക്കടമുഷ്ടിക്കാരനായ
ഒരുറക്കം കൃത്യനിഷ്ഠയോടെ
കൂര്‍ക്കം വലിയുടെ
നിശാനിയമം
നടപ്പാക്കിവരുകയായിരുന്നു
അന്നേരമാണ്
താന്തോന്നികളായ
ചില സ്വപ്നങ്ങള്‍
ചട്ടവിരുദ്ധമായി
സംഘം ചേരുന്നതായും
ചിട്ടയുള്ള യാഥാര്‍ഥ്യ
വ്യവസ്ഥക്കെതിരെ
മുദ്രാവാക്യം മുഴക്കി
ധിക്കാരപൂര്‍വ്വം ആക്ഷേപങ്ങള്‍
ചൊരിയുന്നതായും
ടിയാന് അവിശ്വസനീയമായ
രഹസ്യവിവരം ലഭ്യമായിട്ടുള്ളത്.
കണ്ടാലുടന്‍ വെടിവെച്ചിടാനുള്ള
ഉന്നതതല ഉത്തരവിന്റെ
പിന്‍ബലവും
യാഥാര്‍ഥ്യസ്ഥാപനത്തിനുവേണ്ടി
പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള
അത്യന്താധുനിക ആയുധങ്ങളുടെ
മുന്‍ബലവും
ഉണ്ടാക കൊണ്ടാകണം
കണ്ടാല്‍ മുണ്ടനും
കാര്യക്കാരനുമായ
ഉറക്കം ഒറ്റക്കുതന്നെ
സ്വപ്നവേട്ടക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്
അമ്പലക്കമ്മിറ്റി വക
രക്തസാക്ഷിമണ്ഡപത്തിന്റെ കരയിലും
പൊതുമേഖലാസ്ഥാപനമായ
ഷെയര്‍ മാര്‍ക്കറ്റിന്റെ കടവിലും
നടത്തിയ സുദീര്‍ഘമായ
അന്വേഷണത്തിനൊടുവില്‍
തന്റെ സഹ ഉറക്കങ്ങളെ
സ്വപ്നങ്ങളുടെ വേഷഭൂഷാദികളോടെ
കാണാനിടയാക കൊണ്ട്
ടിയാന്‍ തോക്കെടുക്കട്ടോ
ഉണ്ട നിറക്കട്ടോ
കാഞ്ചിവലിക്കട്ടോ
എന്ന ശങ്കയില്‍
തരിച്ചു നിന്നുപോകയും
ശേഷിയും ശേമുഷിയും ഉള്ളവരും
ചട്ടമ്പികളുമായ എതിരാളികള്‍
ടിയാനെ കിട്ടിയ തക്കത്തിന്
കുനിച്ചുനിര്‍ത്തി
കുറുക്കിലിടിക്കുകയും
നൂറ്റൊന്നാവര്‍ത്തി സ്വപ്നത്തിനു
മുദ്രാവാക്യം വിളിപ്പിക്കുകയും
ചെയ്തശേഷം
ആയുധങ്ങളും അണപ്പല്ലും
അടിച്ചു പറിച്ച്
ഇരുട്ടിലേക്ക് ഓടിമറയുകയും
ചെയ്തിട്ടുള്ളതാകുന്നു.
അടിസ്ഥാനപ്രമാണങ്ങളുടെ
നഗ്നമായ ലംഘനത്തില്‍
വെളുക്കുവോളം ലജ്ജിച്ചു-
തലതാഴ്ത്തുകയും
നിശിതമായി അപലപിക്കുകയും
ശക്ക്തമായി പ്രതിഷേധിക്കുകയും
ചെയ്തുവെങ്കിലും
തീവ്രമായ ഒരു
സ്വപ്നാനുഭവമുണ്ടാകുക എന്നതേക്കാള്‍
വലുതായുള്ള മേന്മയൊന്നും
കേവലമായ ഒരു ഉറക്കത്തിന്
വന്നുചേരാനിടയില്ലെന്ന
വെളിപാടുണ്ടായിട്ടോ എന്തോ
സ്വപ്നപക്ഷക്കാരുടെ
ഈ അതിക്രമത്തെക്കുറിച്ച്
ടിയാന്‍ നാളിതുവരെ
ഉന്നതതലത്തില്‍ പരാതിയൊന്നും
കൊടുത്തിട്ടില്ല എന്നാണ്
അറിവാന്‍ കഴിഞ്ഞിട്ടുള്ളത്.