ചുഴുപ്പ്
ഇന്നുവരെ
ഇതാ ഈ നിമിഷം വരെ
ഈ പറമ്പിന്റെ
പുറമ്പോക്കിലൂടെ
ഒളിഞ്ഞും തെളിഞ്ഞും
ഒലിച്ചുകൊണ്ടിരുന്ന പുഴയെ
ഒരു നൊടികൊണ്ടുഞാന്‍
അപ്രത്യക്ഷമാക്കി
നനക്കാനില്ലാതെ
കുളിക്കാനില്ലാതെ
കുടിക്കാനില്ലാതെ ആളുകള്‍
അലമുറയിട്ടുംകൊണ്ടോടി
വന്നപ്പോളവര്‍ക്കു ഞാനതിനെ
ആരോ മറന്നു നിര്‍ത്തിയ
ആറ്റുവഞ്ഞിയുടെ
കരിഞ്ഞ കൊണ്ടയില്‍
കാട്ടിക്കൊടുത്തു.
പച്ചനിറത്തില്‍ നനവുകള്‍
കട്ടപിടിച്ചപോലെയൊരു
മെലിഞ്ഞ പുഴുവിനെ
മിഴിച്ചുകണ്ടവര്‍ തരിച്ചു നിന്നു.
ഇന്നുവരെ
ഇതാ ഈ നിമിഷം വരെ
ഈ വയലിനക്കരെ
തെങ്ങുകള്‍ക്കു മുകളില്‍
പകലിനെത്താങ്ങിയുയര്‍ന്നു
നിന്നൊരു മലയെ
ഒരു നൊടികൊണ്ടുഞാന്‍
അപ്രത്യക്ഷമാക്കി
കലങ്ങിക്കരഞ്ഞും
ഉരുള്‍പൊട്ടിയപോലെ
കുത്തിയൊലിച്ചും
ആളുകള്‍ കുതിച്ചുവന്നപ്പോള്‍
ഞാനവര്‍ക്കതിനെ
തിരണ്ട പെണ്ണുങ്ങളുടെ
നിറഞ്ഞ നെഞ്ചിന്മേല്‍
കാട്ടിക്കൊടുത്തു
ഇടിഞ്ഞതും ഇടിയാനുള്ളതും
ഉടഞ്ഞതും ഉടയാനുള്ളതുമായ
മുലകളുടെ ജനാവലി
കണ്ടുകണ്ടവരമ്പരന്നു
അറിയുന്നുണ്ടോ അവര്‍
ചുഴിഞ്ഞ കണ്ണുള്ളവര്‍
അറിയുന്നുണ്ടോയെന്റെ
അത്ഭുത സിദ്ധികള്‍
ഒരു കൊലക്കയറിന്റെ
ആകൃതിയുള്ളൊരു
വെറും ചുഴുപ്പിന്റെ
മാസ്മര വിദ്യകള്‍.