ഓഫീസില്‍ നിന്നും
സ്റ്റാഫ് വില്ലയിലേക്കുള്ള
അരമണിക്കൂര്‍ യാത്ര
കവിതയെ വിരസമാക്കുന്നു സാര്‍.
മണിയടിക്കുന്നു
കാര്‍ഡ് പഞ്ച് ചെയ്യുന്നു
പുറത്തിറങ്ങുന്നു
ഗേറ്റില്‍ നില്‍ക്കുന്നവനോട്
ചിരിച്ചുകാട്ടുന്നു.
കാത്തു നില്‍ക്കുന്ന
ബസില്‍ കയറുന്നു
സര്‍ക്കസുകാരന്റെ സൈക്കിളില്‍
കുരങ്ങനിരിക്കുമ്പോലെ
പുറത്തേക്കുമിഴിച്ച്
അരമണിക്കൂര്‍.
അതുഞാനങ്ങു വെട്ടി സാര്‍
ഇപ്പൊഴെങ്ങനുണ്ടെന്നു
നോക്കണം.
അഹോ!
ഗംഭീരം,അതിഗംഭീരം!
ഉഗ്രന്‍, അത്യുഗ്രന്‍!
ഓഫീസ് .
സ്റ്റാഫ് വില്ല.
ഇങ്ങനെ രണ്ടേ രണ്ട്
പദങ്ങള്‍കൊണ്ടുള്ള കവിത
ലോകസാഹിത്യത്തില്‍
ആദ്യമായിരിക്കും.
അതേയോ സാര്‍
എന്നാല്‍പ്പിന്നെ
ജനനം
മരണം
ഈ രണ്ടുപദങ്ങള്‍ക്കിടയിലുള്ള
അതിവിരസമായ വരികള്‍ കൂടി
ഞാനങ്ങുവെട്ടിക്കളയട്ടോ സാര്‍...?