നിങ്ങള്‍ക്കറിയാമോ,
ഏറെക്കാലം മുന്‍പ്
എനിക്കറിയാമായിരുന്ന
ഒരേയൊരു വാക്ക്
മ്മ്ാാാാാാാാ
മാത്രമായിരുന്നു.
നിങ്ങള്‍ ശബ്ദതാരാവലി
നോക്കരുത്
കാണുന്നുണ്ടാവില്ല
കണ്ടില്ലെന്നു വച്ച്
എന്നെ നോക്കി
ചിരിക്കുകയും അരുത്.
കാരണം എനിക്ക്
അറിയാമായിരുന്നതില്‍
ഏറ്റവും അര്‍ത്ഥപൂര്‍ണമായ വാക്കായിരുന്നു,
മ്മ്ാാാാാാാാ
ആ ഒറ്റവാക്കുകൊണ്ടുമാത്രം
ഞാന്‍ എണ്ണമറ്റ അര്‍ഥങ്ങളുടെ
അനന്തകോടി വികാരങ്ങള്‍
വിനിമയം ചെയ്തിരുന്നു.
വിശക്കുമ്പോള്‍
മ്മ്ാാാാാാാാ
എന്ന വാചകം എനിക്ക്
വയറു നിറയെ പാല്‍ തന്നു.
വേദനിക്കുമ്പോള്‍
മ്മ്ാാാാാാാാ
എന്ന വാചകം എനിക്ക്
കരുണയുള്ള സ്പര്‍ശങ്ങള്‍ തന്നു.
പേടി തോന്നുമ്പോള്‍
മ്മ്ാാാാാാാാ
എന്ന വാചകം എനിക്ക്
നെഞ്ചോടണച്ചുള്ള സാന്ത്വനം തന്നു.
ഉറക്കം വരുമ്പോള്‍
മ്മ്ാാാാാാാാ
എന്ന വാചകം എനിക്ക്
മതിയാവോളം താരാട്ടു തന്നു.
മ്മ്ാാാാാാാാ
എന്ന ഒറ്റവാചകത്തില്‍
എന്റെ ഉള്ളിലുരുവമാകുമായിരുന്ന
ഓരോ തോന്നലുകളേയും ഞാന്‍
എന്റെ ചുറ്റിലേക്കും സംവേദിപ്പിച്ചിരുന്നു
വൃദ്ധര്‍,യുവാക്കള്‍,യുവതികള്‍
ആരുമാകട്ടെ അവര്‍
ഞാന്‍ പറയുന്നത്
അതേപടി തിരിച്ചറിഞ്ഞു.
മ്മ്‍ാാാാാാാാ
എന്ന ഒറ്റവാക്കുകൊണ്ട്
ഞാന്‍ തീര്‍ത്തിരുന്ന
മ്മ്ാാാാാാാാ
എന്ന ഒറ്റവാചകത്തിലൂടെ.
ഇപ്പോള്‍ എനിക്ക്
എത്ര വാക്കുകള്‍ അറിയാമെന്ന്
എനിക്കുപോലുമറിയില്ല.
എത്ര വാചകങ്ങള്‍
എത്ര ഈണങ്ങള്‍
എത്ര ഇമ്പങ്ങള്‍...!
ഇപ്പോള്‍ എനിക്ക്
നാല് ഭാഷകള്‍ തന്നെയറിയാം
അഞ്ചാമതൊന്ന് എന്നിലേക്ക്
കടന്നു വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇപ്പോള്‍
മ്മ്ാാാാാാാാ
എന്ന വാക്കിന്റെ അര്‍ത്ഥം
എനിക്കറിയില്ല
മ്മ്ാാാാാാാാ
എന്ന വാക്കുകൊണ്ട്
എങ്ങനെയാണ് അര്‍ത്ഥമുള്ള
വാക്യങ്ങള്‍ തീര്‍ക്കുന്നതെന്ന്
എനിക്കോര്‍മ്മയില്ല
പൊളിഞ്ഞുപോയ ഒരു
ഫാക്ടറിക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട
യന്ത്രഭാഗങ്ങളെപ്പോലെ,
പഴകുംതോറും കാലം
ദുരൂഹമാക്കിക്കൊണ്ടിരിക്കുന്ന
എന്റെ ഉള്‍വശം.
ഓരോശ്വാസത്തിലും
ഞാന്‍ അനുഭവിക്കുന്ന ഓര്‍മ്മകളുടെ
ചലം തികട്ടിവരുന്ന മണം.
ഞാന്‍ എന്ന വാക്കുകൊണ്ട്
എനിക്കു വരച്ചുതരാന്‍ കഴിയാത്ത
ഞാന്‍ എന്ന ഞാന്‍...
പെരുമ്പാമ്പുകളുടെ പുറത്തെ
വലിയ വട്ടങ്ങള്‍പോലെ
വിഴുവിഴുപ്പോടെ എന്നിലൂടെ
ഇഴഞ്ഞസ്തമിക്കുന്ന ചിന്തകള്‍...
എനിക്കറിയാവുന്ന
കോടാനു കോടി വാക്കുകള്‍ കൊണ്ട്
എന്റെ ഉള്ളിലുള്ളതെന്തെന്ന്
പകര്‍ത്തിത്തരാന്‍ എനിക്കാവുന്നില്ല.
ഞാന്‍ എന്റെ സങ്കടങ്ങള്‍
പറയുമ്പോള്‍, ഹാസ്യമാണതെന്ന്
നിങ്ങള്‍ ചിരിക്കുന്നു.
എന്റെ സന്തോഷങ്ങള്‍
പറയുമ്പോള്‍,ഹാ കഷ്ടം
എന്നു നിങ്ങള്‍ ദുഃഖിക്കുന്നു
എന്റെ രോഷം പറഞ്ഞാല്‍
എന്തുനല്ല ഈണമെന്ന്
നിങ്ങള്‍ പാടി രസിക്കുന്നു.
ഞാനിതാ,
അസ്തമിച്ചുപോയ
ഒരു സാമ്രാജ്യത്തില്‍ നിന്നും
പില്‍ക്കാലത്ത് കുഴിച്ചെടുക്കപ്പെട്ട
നാണയവും ഉയര്‍ത്തിപ്പിടിച്ചെന്നപോലെ
നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു
മ്മ്ാാാാാാാാ
എന്ന വാക്കുമായി.
വിനിമയം ചെയ്യാനാവാത്ത
ചിന്തകളുമായി.....