പറയാതിരുന്നാല്‍
ചില വാക്കുകള്‍,
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
വലിച്ചുനീട്ടിയാല്‍
വന്‍കരകളെ പോലും
കൂട്ടിക്കെട്ടാവുന്ന
ചെറുകുടല്‍,വന്‍കുടല്‍
ഒക്കെക്കടന്ന്
അതിന്റെ വേരുകള്‍
മലദ്വാരം വഴി
പുറത്തുചാടും.
നമ്മളറിയാതെ
ഇരിക്കുന്നിടത്ത്
വേരുറയ്ക്കും.
പറയാതിരുന്നാല്‍
ചിലവാക്കുകള്‍
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
ഊതിവീര്‍പ്പിച്ചാല്‍
ആകാശത്തോളം പെരുകുന്ന
ഭാവനയുടെ
വായുമണ്ഡലം ഭേദിച്ച്
അതിന്റെ തലപ്പ്
വായിലൂടെയും കാതിലൂടെയും
പുറത്തു ചാടും
നമുക്ക് എന്തെങ്കിലും
ചെയ്യാനാകും മുന്‍പേ
ഇലകളും പൂക്കളും
കായ്കളുമില്ലാത്ത,
ഇത്തിള്‍പിടിച്ചു പഴകിയ
ശിഖരങ്ങള്‍ വിരുത്തി
നമ്മെ ജുറാസിക് യുഗത്തിലെ
ഫോസില്‍ മരങ്ങളായി
പകര്‍ത്തിയെഴുതും.
പറയാനും കേള്‍ക്കാനും
അനങ്ങാനും
കഴിയാത്തവരായി
നാമെത്രനാള്‍,
ഒരേ നില്‍പ്പിലിങ്ങനെ....
പ്രാഗ്‌രൂപങ്ങളായി.....
ഹൊ.....!