അതിരാത്രം

ചിലരാത്രികളില്‍
ചില മരങ്ങള്‍
മരിച്ചുപോയ
ചിലമനുഷ്യരുടെ
പ്രതിരൂപമാകാറുണ്ട്.

ഉറക്കത്തില്‍നിന്നും
മൂത്രം‌മുട്ടിയെണീറ്റ്
ആടിയാടിയങ്ങനെ
ഒഴിച്ചുകൊണ്ടു
നില്‍ക്കുമ്പോള്‍ കാണാം
ഒരു കറുത്തരൂപം
നമ്മളെനോക്കി
കൈവീശുകയോ
തലകുലുക്കിയും
ഉടലിളക്കിയും
ചിരിക്കുകയോചെയ്യും.
പിന്നെ ഉറക്കം പേടിച്ചോടും..

മരിച്ചുപോയവര്‍ക്ക്
ശരീരങ്ങളില്ലാത്തതു കൊണ്ടാവാം
അവര്‍ ഇങ്ങനെ മരങ്ങളില്‍
‍ആവേശിക്കുന്നത്.

മറ്റുചിലരാത്രികളില്‍
മരിച്ചുകൊണ്ടിരിക്കുന്ന
ചിലമനുഷ്യര്‍,
ജീവിച്ചുകൊണ്ടിരിക്കുന്ന
ചില ദൈവങ്ങളുടെ
പ്രതിരൂപമാകാറുമുണ്ട്.
ദൈവത്തിന്റെ ഭയങ്ങളുടെയും
വേവുകളുടെയും
തീവെട്ടികളെഴുന്നളിച്ച്
ഉറക്കത്തിന്റെ അതിരാത്രപ്പുരയില്‍
തീപിടിപ്പിച്ച്, അത്
രാത്രിയെഹോമിച്ചുകളയും.

അപരന്റെ നോവുകളും
സമ്മര്‍ദ്ദങ്ങളുമെല്ലാം,
അണപൊട്ടിയ വെള്ളം
വയലുകളെ മുക്കിക്കളയുന്ന പോലെ
ചിന്തകളെ ശ്വാസം‌മുട്ടിച്ചുകളയും..

ജീവിച്ചുകൊണ്ടിരിക്കുന്ന
ദൈവങ്ങള്‍ക്ക്
ശരീരങ്ങളുണ്ടായിട്ടും
അതില്‍ താങ്ങാവുന്നതിലേറെ
നിറയുന്നതിനാലായിരിക്കും
അവയങ്ങനെ
പ്രകാശവര്‍ഷങ്ങള്‍കടന്ന്
മറ്റുശരീരങ്ങളില്‍ ‍ആവേശിക്കുന്നത്.