ആരുടേതും അല്ലാത്ത എന്തെങ്കിലുമുണ്ടോയെന്ന്
നോക്കി നടക്കുകയായിരുന്നു ഏറെക്കാലം.
സ്കൂള്‍ വളപ്പില്‍ ഒരു നെല്ലി കായ്ക്കുമായിരുന്നു
ശിഖരങ്ങള്‍ പുറത്തു കാണാന്‍ കഴിയാത്തവണ്ണം.....
എങ്കിലും ആരുടെതുമല്ലാത്ത ഒരു നെല്ലിക്ക
അതിലൊരിക്കലുംഉണ്ടായിരുന്നില്ല
ക്ലാസ് റൂമില്‍ നിറയെ ബഞ്ചുകളായിരുന്നു
ഒഴിവുസമയവും ഓടിക്കളിക്കാന്‍ കഴിയാത്തവണ്ണം....
എങ്കിലും ആരുടേതുമല്ലാത്ത ഒരു സ്ഥലം
അതിലൊന്നിലും ഉണ്ടായിരുന്നില്ല.
വീട്ടില്‍ മനുഷ്യരേക്കാള്‍ മൃഗങ്ങളുണ്ടായിരുന്നു
എങ്കിലും ആരുടേതുമല്ലാത്ത ഒന്നുമുണ്ടായിരുന്നില്ല
പൂച്ച അമ്മൂമ്മയുടേത്,ആട് അമ്മയുടേത്
പശു അച്ഛന്റേത്,പട്ടി അനുജത്തിയുടേത്.....
ഓരോ മുറിയും ആരുടേയെങ്കിലും....
ഓരോ സമയവും ആരുടേയെങ്കിലും...
അഞ്ചര അനുജത്തിക്കായിരുന്നു,പൂമൊട്ടുകള്‍* കാണാന്‍.
ആറുമണി അമ്മക്ക്,ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍.
ഏഴര അച്ഛനായിരുന്നു,വാര്‍ത്തകള്‍ കാണാന്‍.
പിന്നെയുള്ളതൊക്കെ ട്യൂഷന്‍ സാറിനും,
എന്റെ കക്ഷക്കുഴിയിലെ തൊലി പൊളിക്കാന്‍....
കോളേജില്‍ നിറയെ പെണ്‍കുട്ടികളായിരുന്നു.
എങ്കിലും ആരുടേതുമല്ലാത്ത ഒരുത്തിയുമുണ്ടായിരുന്നില്ല...
എല്ലാവളും ആരുടേതെങ്കിലും ആയിരുന്നു
ഓരോ മരച്ചുവടുകളും ഓരോരുത്തരുടേത്
ഓരോ കോവണിപ്പടവുകളും ഓരോരുത്തരുടേത്
ഓരോ ഊടുവഴികളും ഓരോരുത്തരുടേത്.....
കോടതിയില്‍ എണ്ണമറ്റ കേസുകളായിരുന്നു
എങ്കിലും ആരുടെതുമല്ലാത്ത ഒരു വഴക്ക്....
ആരുടെതുമല്ലാത്ത ഒരു വക്കാലത്ത്....
ആരുടേതുമല്ലാത്ത ഒരു കൊലപ്പുള്ളി....
ഇല്ല, ഈ ലോകത്ത് ആരുടേതുമല്ലാത്ത ഒന്നും!
ഉണ്ടാകും മുന്‍പേ ആരുടേതെങ്കിലും ആയിത്തീരുകയാണ് എല്ലാം....
ഇപ്പോള്‍ ചിലതെല്ലാം എനിക്കുസ്വന്തമായുണ്ട്...
എന്റെ ഭാര്യയുടെകയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ ഭാര്യ
എന്റെ മകന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ മകന്‍
എന്റെ കൂടെയുള്ളവരില്‍ നിന്നും തട്ടിയെടുത്ത എന്റെ കൂടെയുള്ളവര്‍...
എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത ഞാന്‍...
ഇപ്പോള്‍ പലതും എനിക്കു സ്വന്തമായുണ്ട്....
എല്ലാം ആരുടേയോ ആയിരുന്നു.....
ഇപ്പോള്‍,ആരുടേയും അല്ലാത്ത ഒന്നുകൂടി
എന്റേതായുണ്ട്....
ഭയം.....
ആരോ തക്കം പാര്‍ത്തിരിപ്പാണ്.....
എന്റെ കയ്യില്‍ നിന്നും എല്ലാം തട്ടിയെടുക്കാന്‍.
*പൂമൊട്ടുകള്‍:ദൂരദര്‍ശനില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്ള പരിപാടിയായിരുന്നു.