വിത്തിന്റെ പാട്ട്

മുളയ്ക്കുകില്ല ഞാന്‍
വിതച്ചതില്ലെന്നെ
മെതിച്ചിരിക്കുന്നു
പുഴുക്കല്‍ പായയില്‍

മൊരിഞ്ഞവേനലില്‍
‍കരിഞ്ഞുപോകാനോ
തിരഞ്ഞതെന്‍ മനം
അരിവാ‍ളുള്ള കൈ !
എനിക്കുസ്വന്തമാ-
യൊരു തരിമണ്ണു-
മൊരു വസന്തവും
കൊതിച്ചതല്ലെ ഞാന്‍ !

എനിക്കുമുണ്ടുള്ളില്‍
‍നനഞ്ഞൊരു സൂര്യന്‍
‍ചിരിക്കുമ്പോള്‍ മുഖം
തുടുക്കുന്ന ചന്ദ്രന്‍
നടക്കുമ്പോള്‍ പാദം
പുതയുന്ന വഴി
എനിക്കു സ്വന്തമാ-
യൊരു വയല്‍ പക്ഷി,
പാടും മരത്തണല്‍.....

കിനാവുകാണുവാന്‍
‍മറന്നതല്ലഞാന്‍
കിനാവിനെ വലി-
ച്ചെറിഞ്ഞതല്ലെ ഞാ-
നെനിക്കെന്റെ ഭാഷ
എനിക്കെന്റെ മണം
എനിക്കെന്റെ ചോര
ചുരത്തിനേടണം
എനിക്കൊരു വയല്‍,
മുളക്കണം,പൂത്തു-
ജ്വലിക്കണം
എനിക്കു ഞാനായ്
മരിക്കണമെന്നു
പിടഞ്ഞതല്ലെ ഞാന്‍.

ഒരു കതിരിന്റെ
തലയ്ക്കലിങ്ങനെ
പതിരുകള്‍ക്കിടെ
നിലച്ചുപോകുമെ-
ന്നുഴന്നു ഞാനാര്‍ത്തു
വിളിച്ചതല്ലയോ
അരിവാളിന്‍ മൂര്‍ച്ച
കൊതിച്ചതല്ലയോ

അനന്തമായൊരീ
ചുടലപ്പായയില്‍
‍മെതിക്കുവാനാണോ
അറുത്തെടുത്തെന്നെ
ചുമന്നുവന്നു വന്നു
നീകടുത്ത കാലമേ...

ഉറച്ചമണ്ണിലേ-
ക്കുഴുതു പോകുവാ-
നൊളിച്ചുവച്ച വേരു-
ണങ്ങിപ്പോകുന്നു
വരണ്ടകാറ്റിലേക്കു-
യര്‍ത്തിവീശുവാ-
നിരുന്ന പച്ചപ്പുമു-
ണങ്ങിപ്പോകുന്നു
കൊടും ശിശിരത്തില്‍
‍നിറഞ്ഞുപൂക്കുവാ-
നമര്‍ത്തിവച്ചവാക്കു-
ണങ്ങിപ്പോകുന്നു...

ഉണങ്ങിപ്പോകട്ടെ
ഉറവുകളെല്ലാം
ഉണങ്ങിപ്പോകട്ടെ
ഉയിരിന്‍ വേദന
ഉണങ്ങുവാനൊന്നു-
മിനിയില്ലായെന്നു
മുറങ്ങള്‍ വന്നെന്നെ-
ക്കൊഴിച്ചെടുക്കട്ടെ

ഉണങ്ങിയെത്തണം
എനിക്കിനി നിന്റെ
ചുവട്ടില്‍ നിന്നുകൊ-
ണ്ടെരിഞ്ഞു തീരണം
കറുത്ത കാലമേ-
വെറുപ്പിന്‍ ജ്വാലയില്‍
തപിച്ചുകൊണ്ടെനി-
ക്കുമിത്തീയായ് നിന്നെ
യെരിച്ചു തീര്‍ക്കണം.