കണ്ണുകളിങ്ങനെ
തുറിച്ചു നോക്കിയാല്‍
ഇനിയും കാണാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
കണ്ടുകൊള്ളാമെന്നാണു ഭാവം
നാവിനെയിത്രയും
തള്ളിപ്പുറത്തിട്ടാല്‍
ഇനിയും രുചിക്കാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
രുചിച്ചുകൊള്ളാമെന്നും കാണും
കൈകളിങ്ങനെ
വിടര്‍ത്തിയള്ളിയാല്‍
ഇതുവരെ കിട്ടാത്തതെല്ലാം
ഈ നിമിഷം കൊണ്ട്
നേടിക്കോള്ളാമെന്നുമുണ്ടാകും.
ജീവിച്ചിരിക്കുമ്പോള്‍
ചത്തുപോകാനും
ചത്തുപോകുമ്പോള്‍
ജീവിച്ചിരിക്കാനും
കൊതിച്ചു ചാഞ്ചാടും
വിചിത്ര ജീവിയീശവം.