സുഹൃത്തേ
വിനിമയങ്ങളുടെ
അന്തരാളഘട്ടം
കഴിഞ്ഞുപോയോ?
മറ്റൊരു യുഗത്തിനെ
പെറ്റുവോ ഈ ആശുപത്രി ?
നോക്കൂ
ചുണ്ടുകള്‍ മാത്രമല്ലേ
നമുക്കുള്ളു !
കാതുകള്‍
പരിണാമത്തില്‍
നഷ്ടമായിരിക്കുന്നില്ലേ!
വിനിമയം
ചെയ്യാനാവാത്ത
ആശയങ്ങളുടെ
വിരുദ്ധ സമുദ്രങ്ങളായി
വിങ്ങുന്നതു
നമ്മളല്ലേ !
കണ്ടെത്തപ്പെടാത്ത
കപ്പല്‍ച്ചാലുകളായി
വാസ്കോഡഗാമയെ
കാത്തുകിടക്കുന്നത്
നമ്മളല്ലേ!
സുഹൃത്തേ
നീയവിടെ നിന്ന്
പറയുന്നതെല്ലാം
എന്നെ കേള്‍പ്പിക്കാനാണോ?
നിന്റെ ആശയങ്ങള്‍
അതിന്റെ സൗന്ദര്യം
ഹാ.!,ആസ്വദിക്കുകയല്ലെ നീ !
സുഹൃത്തേ
ഞാനിവിടെ നിന്ന്
പറയുന്നതെല്ലാം
നിന്നെ ക്കേള്‍പ്പിക്കാനാണോ?
എന്റെ വാചകങ്ങള്‍
അതിന്റെ സൗന്ദര്യം
ഹാ.!,ആസ്വദിക്കുകയല്ലെ ഞാന്‍ !