വളരെ ക്ഷീണിതനായിരുന്നു ചന്ദ്രദാസ് അന്ന്.ദൂരെനിന്നും ബസ് വരുന്നതും കാത്തുനില്ക്കുകയായിരുന്നു അയാള്‍.ഒന്ന് ഇരുന്നുകളയാമെന്നു കരുതി വെയിറ്റിംഗ് ഷെഡ്ഡിനുള്ളിലേക്കു നോക്കുമ്പോഴാണ് അയാളുടെ കണ്ണില്‍ അത് ചെന്നുപെട്ടത്.ഒരു കൊച്ചു കളിപ്പാവ.അയാള്‍ ഇവിടെവരുന്നതിനു തൊട്ടു മുന്‍പ് ഏതോ ബസ് കടന്നുപോയിട്ടുണ്ടാകണം.ബസ് സ്റ്റോപ്പില്‍ തിരക്കില്ല്ല ആകെയുള്ളത് അയാളും രോമം കൊഴിഞ്ഞ് വൃഷണം വലിഞ്ഞു തൂങ്ങി തറയില്‍ മലര്‍ന്നു കിടന്ന് ഈച്ചപിടിക്കുന്ന ഒരു നായയും ആളുപോയ തക്കത്തിന് ഇരിപ്പുബഞ്ചില്‍ തൂറിയിടാനെത്തിയ കാക്കകളും പിന്നെ ആ പാവയും മാത്രം.
ആരോ വാങ്ങിവച്ച് വീട്ടിലേക്ക്പോകാന്‍ ബസ് കാത്തിരുന്നതാവണം ബസ് വന്നപ്പോള്‍ മറന്നു വച്ചിട്ടുപോയതായിരിക്കും.നല്ല ഭംഗിയുള്ള കണ്ണുകള്‍, സ്വര്‍ണത്തലമുടി, പളുങ്കുപോലെയുള്ള മിനുത്ത ശരീരം... എന്തായാലും പത്തുനൂറു രൂപയെങ്കിലും ആയിട്ടുണ്ടാകും പാവത്തിന്.ചന്ദ്ര ദാസ് ചുറ്റും നോക്കി ആരും ഇല്ല.അതിന്റെ ഉടമ ഇതിനകം ഏതോ ബസില്‍ കയറി ഏതോ ദൂരത്ത് എത്തിയിട്ടുണ്ടാകും .അയാള്‍ തിരക്കിവരുന്നതുവരെ അത് ഇവിടെ ഇരിക്കുമെന്ന് യാതൊരുറപ്പുമില്ല.അയാള്‍ ആരെന്നും എന്തെന്നും അറിയാതെ അയാളെ തിരഞ്ഞു പോകാനും കഴിയില്ല തന്നെക്കൊണ്ട്.അപ്പോള്‍ പിന്നെ തനിക്കു ചെയ്യാവുന്ന ഒരേ ഒരു സല്‍ക്കര്‍മ്മം അതിനെ ദാ ഇങ്ങനെ മെല്ലെയെടുത്ത് തന്റെ ഓഫ്ഫീസ് ബാഗിന്റെ ഉള്ളില്‍ ഭദ്രമായി വയ്ക്കുക എന്നതു തന്നെ.
ബസ്സിനുള്ളില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുമ്പോളാണ് പാവയ്ക്ക് നിലവിളിക്കാനുള്ള കഴിവുകൂടിയുണ്ടെന്ന് ചന്ദ്രദാസ് മനസ്സിലാക്കിയത്.അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.കുറെ നാളായി മകള്‍ പറയുന്നു അച്ഛാ ഒരു പാവ വാങ്ങിത്തരൂ എന്ന്.അതുകേള്‍ക്കുമ്പോഴൊക്കെ അയാള്‍ പറയും മോളൂ ഈ പാവയിലൊക്കെ വിഷമാ.എല്ലാം ചൈനയില്‍ നിന്നു വരുന്നതല്ലേ അതിന്റെ പുറത്തെ പെയിന്റില്‍ ഉമ്മാക്കിയുണ്ട്....അയാളുടെ അടവുണ്ടോ അവളുടെ അടുത്തു നടക്കുന്നു.അവള് കരയാന്‍ തുടങ്ങും അപ്പോള്‍ അയാള്‍ പതിയെ അവളെ മടിയിലേക്കിരുത്തും കൊഞ്ചിച്ച് കൊഞ്ചിച്ച് ചിരിപ്പിക്കും.അപ്പോളും അവള് പറയും അച്ചാ എനിക്ക് ഒരു പാവ വാങ്ങിത്തരൂ...അയാള്‍ പറയും വാങ്ങിത്താരാം നാളെയാവട്ടെ..അച്ഛനു ശമ്പളം കിട്ടട്ടെ...നാളെകള്‍ ഒരുപാടു കഴിഞ്ഞു ശമ്പളങ്ങളും ഒരുപാടു കിട്ടി.അവള്‍ക്ക് പാവമാത്രം വാങ്ങിക്കൊടുത്തില്ല.അയാള്‍ തന്റെ പിശുക്കിനെക്കുറിച്ച് ചിലപ്പോഴൊക്കെ അങ്ങനെ അവജ്ഞയോടെ ഓര്‍ക്കാറുണ്ട്.ചെറിയ ചെറിയ കാര്യങ്ങള്‍ക്കുള്ള പിശുക്ക്.അതുകൊണ്ട് അയാള്‍ ഒന്നും സമ്പാദിക്കുകയില്ലെന്നറിയാമെങ്കിലും അതൊരു ശീലമായി വളര്‍ന്നു പോയി...
കീയ് കീയോ....
പാവയുടെ വിളിയാണ്.ആരോ ബസിന്റെ തിക്കിത്തിരക്കിനിടയില്‍ ബാഗിന്റെ പുറത്തു ചാരിയതാണ്.നല്ല ശബ്ദം. അയാള്‍ ചിന്തിച്ചു..... മകള്‍ക്കെന്തായാലും ഇന്നു സന്തോഷമാകും.ഇങ്ങനെ ആരുടെയെങ്കിലും സാധനങ്ങള്‍ സ്വന്തമാക്കുന്നത് ഒരു നല്ല ശീലമല്ല അയാള്‍ ഓര്‍ത്തു.പാവം ആരോ കൊതിച്ചു വാങ്ങിയതാകും.ഒരു നിമിഷത്തെ മറവി കൊണ്ട് അവര്‍ക്കത് നഷ്ടമായി.അത് തന്റെ നേട്ടവും ആയി.ധാര്‍മ്മികമായി അത് ശരിയല്ല.മറ്റൊരാളിന്റെ നഷ്ടത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നത് കുടിലമാണ് അയാള്‍ക്ക് അവജ്ഞ തോന്നി...ഒരിക്കല്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പത്തുരൂപാ നോട്ടും പൊക്കിപ്പിടിച്ച് നാടുമുഴുവന്‍ അന്വേഷണം നടത്തിയ ചന്ദ്രദാസ് എവിടെ പോയി..?അന്ന് തനിക്ക് ഇരുപതുവയസ്സോ മറ്റോ കാണും.ഒരു പക്ഷേ മനുഷ്യനു പ്രായം കൂടുന്തോറും വലിയമരങ്ങളുടെ പുറംതൊലി ഇളകി പോകുന്ന പോലെ ആദര്‍ശം പടംപൊഴിക്കുമായിരിക്കും...അയാള്‍ക്ക് തോന്നി. ഉള്ളില്‍ ഒരു വല്ലാത്ത നഗ്നതയുടെ നാണം അയാളെ പൊതിഞ്ഞു.പക്ഷേ “നാണവും വച്ചിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല“ അയാള്‍ അച്ചന്റെ വാക്കുകള്‍ ഓര്‍ത്തു.
പെട്ടെന്നാണ് യാതൊരു സാധ്യതയുമില്ലാത്തവിധം തിങ്ങി ഞെരുങ്ങിയിരുന്ന ബസിനുള്ളില്‍ അയാള്‍ക്ക് ഒരു സീറ്റുകിട്ടിയത്.അയാള്‍ സ്വപ്നം കണ്ടുകൊണ്ട് ചാരിനിന്ന സീറ്റില്‍ നിന്നും ഒരുയാത്രക്കാരന് അയാളെ തള്ളിക്കൊണ്ടു പറഞ്ഞു.അങ്ങോട്ടു നീങ്ങി നിന്നേ ഒന്നിറങ്ങട്ടേ.ചന്ദ്രദാസ് സന്തോഷവും നന്ദിയും കലര്‍ന്ന ഒരു പുഞ്ചിരിയോടെ സീറ്റിനിടയിലുള്ള സ്ഥലത്തേക്ക് ഞെരുങ്ങിക്കയറി.ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ നിന്നും വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.ഇരുന്നു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് പാവയെ ഒന്നു കയ്യിലെടുത്ത് വ്യക്തമായി കാണാന്‍ കൊതിയായി.നല്ല ഭംഗി! ചന്ദ്ര ദാസ് ബാഗുതുറന്ന് പാവയെ പുറത്തെടുത്ത് തിരിച്ചും മറിച്ചും നോക്കി.അപ്പോഴാണ് അടുത്തിരിക്കുന്ന ആളുടെ നോട്ടം അയാള്‍ ശ്രദ്ധിച്ചത്.വല്ലാത്ത ചമ്മലോടെ ഒരു അയഞ്ഞചിരി ചുണ്ടിനു തുമ്പില്‍തൂക്കിക്കൊണ്ട് പാവയെ ഉള്ളില്‍ വയ്ക്കാന്‍ തുടങ്ങിയതായിരുന്നു ചന്ദ്രദാസ്.പൊടുന്നനെയാണ് അപരിചിതനായ ആ മനുഷ്യന് ചിരപരിചിതനെ പോലെ ചിരിച്ചുകൊണ്ട് പാവയെ പിടിച്ചു പറിക്കുമ്പോലെ കയ്ക്കലാക്കിയത്.
പത്ത് മുന്നൂറു രൂപായായോ..?
അയാള്‍ പാവയുടെ ചന്തം നോക്കുകയാണ്.ചന്ദ്ര ദാസ് ഒന്നുകൂടി പരുങ്ങി.
ആ..ആ..
ആണെന്നോ അല്ലെന്നോ പറയാതെ ആയില് മാത്രം ചന്ദ്രദാസ് മറുപടി ഒതുക്കിയപ്പോള്‍.അപരിചിതന് ചിരിച്ചു.
എല്ലാം ചുമ്മാ പറ്റിപ്പാണെന്നേ... ചൈനീസ്.രണ്ടു ദിവസം കഴിയുമ്പോള്‍ പൂയും...
അയാള്‍ പൊട്ടിച്ചിരിച്ചു.ചന്ദ്രദാസ് തല കുലുക്കി..
കീയ്..കീയോ...
അയാളുടെ വിരലുകള്‍ പാവയുടെ വയറില്‍ പതിഞ്ഞപ്പോള്‍ അതു വീണ്ടും നില വിളിച്ചു.ആളുകളെല്ലാം നോക്കുന്നു.ചന്ദ്രദാസ്സിന് ചമ്മല് കൂടി.പുറത്തെടുക്കണ്ടായിരുന്നു..അയാള്‍ കരുതി.പറഞ്ഞിട്ടെന്തെങ്കിലും കാര്യമുണ്ടോ പോയബുദ്ധിയെ പിടിക്കാന്‍ ആനക്കും പറ്റില്ലെന്നല്ലേ ചൊല്ല്.അപ്പോഴേക്കും മറ്റൊരു കൈകൂടി പാവയുടെ നേര്‍ക്കു നീണ്ടുവരുന്നത് കണ്ടു.
എത്ര രൂപായായി..?
ചന്ദ്രദാസ് പാവയില്‍ കൈവയ്ക്കുന്നതിനു മുന്‍പേ അപരന് അതു വാങ്ങിക്കഴിഞ്ഞിരുന്നു.അയാളുടെ ചോദ്യത്തിനു മറുപടി പറയാന്‍ ചന്ദ്ര ദാസ് നാവുയര്‍ത്തുന്നതിനു മുന്നേ വന്നു അരികിലിരിക്കുകയായിരുന്ന അപരിചിതന്റെ ഉത്തരം
പത്തു നാനൂറു രൂപാ ആയിക്കാണും...
ചൈനീസ് ആണ് അല്ലിയോ..?
ഉം...
ചന്ദ്രദാസിനു കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല.ബസിനുള്ളിലെ എല്ലാ ആളുകളുടെയും ശ്രദ്ധ ഇപ്പോള്‍ പാവയ്ക്കു മേലാണ്.
കീയോ കീയോ...
അതിന്റെ ശബ്ദം ഓരോ വിരലുകളുടെയും മര്‍ദ്ദത്തിനനുസ്സരിച്ച് വ്യത്യാസപ്പെടുത്തിക്കൊണ്ട് അത് നിലവിളിക്കുന്നു.ചന്ദ്രദാസിന് ചാടിയെണീറ്റ് അവരുടെ കയ്യില്‍ നിന്നും അതു പിടിച്ചുവാങ്ങി ബാഗില്‍ വയ്ക്കണമെന്നുണ്ടായിരുന്നു.പക്ഷേ ആരെങ്കിലും അത് തന്റെയാണോ എന്നു കടുപ്പിച്ചു ചോദിച്ചാല്‍ എന്തു പറയും.ചന്ദ്രദാസ് കുഴങ്ങി.അയാള്‍ അപേക്ഷാഭാവത്തില്‍ അടുത്തിരുന്ന ആളെനോക്കി അയാളാണെങ്കില്‍ തനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍ ഉറക്കം തൂങ്ങുന്നു.ചന്ദ്രദാസ് നിരാശയോടെ തിരിഞ്ഞു. പാവയെ കാണാനേയില്ല.അതിന്റെ ശബ്ദം മാത്രം കേള്‍ക്കാം.ഇപ്പോഴാണെങ്കില്‍ അടുത്തമുറിയിലെ ടി.വിയില്‍ ബലാത്സംഗസീനുകള്‍ വരുമ്പോള്‍ കേള്‍ക്കുന്ന മാതിരിയായിട്ടുണ്ട് അത്. എന്നെ വിടൂ..എന്നെ വിടൂ.....
പാവം പാവ, അതു നില വിളിക്കുന്നു.ചന്ദ്രദാസിന് എണീറ്റുപോയി അതിനെ രക്ഷിച്ച്കൊണ്ടുപോരണമെന്നുണ്ട്.മനസ്സുപോര.ഉറപ്പില്ല.ചിലപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉടമയോടായിരിക്കും താന്‍ ചെന്ന് അതിനുവേണ്ടി വഴക്കിടുന്നത്.പോയതു പോയി.തിരിച്ചെത്തുകയാണെങ്കില്‍ എത്തട്ടെ അയാള്‍ സ്വയം ശപിച്ചുകൊണ്ട് ബാഗും മടിയില്‍ വച്ച് പുറത്തേക്ക് നോക്കിയിരുപ്പായി...പതിയെ കണ്ണുകള്‍ അടഞ്ഞുതുടങ്ങി.ക്ഷീണം....ക്ഷീണംകൊണ്ട് അയാള്‍ മയങ്ങിപ്പോയി....മയക്കത്തില്‍ അയാള്‍ നീണ്ടുവളഞ്ഞു പാമ്പിനെ പോലെ ഒഴുകുന്ന ബസ്സിനേയും അതു നിറയെ പാവകളേയും സ്വപ്നം കണ്ടു.പാവകള്‍ എന്തോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.കീയൊ കീയൊ എന്നല്ല.അയാള്‍ കാതോര്‍ത്തു അവര്‍ ഏതോ പഴയ മുദ്രാവാക്യം വിളിക്കുകയാണെന്ന് തോന്നി.പെട്ടെന്ന് അയാള്‍ ഞെട്ടിയുണര്‍ന്നു. സ്ഥലം കഴിഞ്ഞോ.അയാള്‍ പുറത്തേക്കു നോക്കി അപരിചിതമായ സ്ഥലം.ഒന്നും മനസ്സിലാകാതെ ചന്ദ്രദാസ് കണ്ണു തിരുമ്മി.മഞ്ഞുവീണു കിടക്കുന്ന മലനിരകള്‍.അയാള്‍ തണുത്തു വിറച്ചു.
അയ്യോ ഇറങ്ങണം.എന്നെ ഇറക്കിവിടൂ.....
അയാള്‍ വിളിച്ചുപറഞ്ഞു.
ഇനി അടുത്ത സ്റ്റോപ്പിലേ നിര്‍ത്തൂ......
അടുത്തിരുന്നയാളുടെ ശബ്ദം. ചന്ദ്രദാസ് വമ്പിച്ച അങ്കലാപ്പോടെ ചാടിയെണീറ്റു. റോഡിനു വശത്തായി ചപ്പമൂക്കുള്ള കുറേ പട്ടാളക്കാരെ അയാള്‍ കണ്ടു.തോക്കുകളും പിടിച്ച് അവര്‍ തന്നെ ചുഴിഞ്ഞു നോക്കുന്നു.
എനിക്കിറങ്ങണം എന്റെ സ്ഥലം കഴിഞ്ഞു എന്നെ ഇറക്കി വിടൂ.
ചന്ദ്രദാസ് ഉറക്കെ വിളിച്ചു.ഒരു കൂട്ടച്ചിരി ഉയരുന്നത് കണ്ട് അയാള്‍ ബസിനുള്ളിലേക്കു നോക്കി.നിറയെ പാവകള്‍ .......ചൈനീസ് പാവകള്‍...........
കണ്ടക്ടറേ......!!!
അയാള്‍ വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കി.കണ്ടക്ടര്‍ സീറ്റില്‍ തന്റെ കയ്യില്‍ നിന്നും പോയ പാവയെ അയാള്‍ കണ്ടു.ചുണ്ടില്‍ വിസിലുമായി ........