പുലര്‍ച്ചെ എണീറ്റ്
നനച്ചുണക്കി
തേച്ചു മിനുക്കി
കണ്ണാടിക്കു മുന്നില്‍
നിന്നണിഞ്ഞിറങ്ങുമ്പോള്‍
ഉള്ളില്‍ നിന്നുയരും
ഒരു ശാസന.
ചുളിയാതെ
ചളി പുരളാതെ
എത്തണം ഇന്നെങ്കിലും..
ചുളിയരുതേ
ചളിപുരളരുതേ...
അറിഞ്ഞുപ്രാര്‍ഥിച്ചാലും
ചുളിയും
പുരികം ചിറകൊടിഞ്ഞൊരു
കാക്കയായ് പറക്കും
പുഞ്ചിരി ഏറുകൊണ്ടൊരു നായ്ക്കുട്ടി....
തീരുന്നില്ലല്ലോ
തീരുന്നില്ലല്ലോഎന്നു
കാത്തു കാതോര്‍ത്തിരിക്കും.
ബെല്ലടികേള്‍ക്കുമ്പോള്‍ നോക്കും
ചുളിവുണ്ടോ ചളിയുണ്ടോ....
തെറ്റിയ കണക്കിന്റെ മിച്ചം...
തൂവിയ കറികളുടെ കറകള്‍...
അറിയാന്‍ വയ്യാത്ത
പദപ്രശ്നം പൂരിപ്പിച്ചതു പോലെ
എല്ലാം ചേരുമ്പടി ചേര്‍ത്ത
ഒരു ചോദ്യക്കടലാസിന്റെ വിഡ്ഡിച്ചിരി....
പാത്തുപതുങ്ങി വീട്ടിലെത്തും.
നൊടിയിടയില്‍ എല്ലാം ഊരി
കിടക്കയിലെറിഞ്ഞ്
ഒറ്റ ഓട്ടമാണ്.....
വിമാനമില്ലാതെ നാട്ടിലെത്തും.
പുഴവെള്ളത്തില്‍ കുളിക്കും
കുട്ടികള്‍ക്കൊപ്പം കളിക്കും.
ഭാര്യയെ പുണര്‍ന്ന് മയങ്ങും.
പുലരുംമുമ്പിങ്ങെത്തണം...
ആരും കാണാതെ
പൂച്ചയെ പോലെ ഉള്ളില്‍ കടക്കണം....
പുലരുമ്പോള്‍ തുടങ്ങണ്ടേ
നനയ്ക്കലും ഒരുക്കലും...!