ജീവനില്ലാത്തത്
എന്നു നാമെഴുതിത്തള്ളിയവയ്ക്ക്
നമ്മളോടുള്ള വികാരം
സഹതാപമായിരിക്കും.
ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന
ലഹരിയുടെ വിദ്യുത്പ്രവാഹം
മുറിയാതിരിക്കാന്‍ നമ്മള്‍
ചവച്ചിറക്കുന്ന മുള്ളുകളും
കുടിച്ചുവറ്റിക്കുന്ന വേദനയുടെ
വീപ്പകളും കാണുമ്പോള്‍
സഹതപിക്കുകയല്ലാതെന്തു ചെയ്യും!
നെഞ്ചിലെ കാളയെ
തുടരെത്തുടരെ ചാട്ടക്കടിച്ച്
നാം ഉഴുതുവിതക്കുന്ന ആഗ്രഹത്തിന്റെ
പുകയിലക്കൃഷി കാണുമ്പോള്‍
അവര്‍ പിന്നെന്തു ചെയ്യും!
ജീവനില്ലാത്തതെന്ന്
നാം മുറിച്ചെറിയുന്ന
നഖവും മുടിയുമൊക്കെ
അവയോടൊപ്പം ചേര്‍ന്ന്
ആടിത്തീര്‍ന്ന നടന്മാര്‍
അരങ്ങിലേക്കെന്ന പോലെ
നമ്മെ നോക്കി അളക്കുന്നുണ്ടാകും.
ലഹരിയുടെ ഇടവഴികളില്‍
കാലുകള്‍ നിലത്തുറക്കാതെ
കാറ്റിനൊപ്പം ദിക്കുമാറി ദിക്കുമാറി
ആടിയാടി നടക്കുന്നത് കൊണ്ട്
നാമതൊന്നും കാണാത്തതാകും...
ലഹരിദായകങ്ങളായ
എല്ലാ കടലുകളും വറ്റിക്കഴിയുമ്പോള്‍
ചൊരുക്കിറങ്ങിയ മദ്യപന്മാരെപ്പോലെ
അടുത്തടുത്ത തന്മാത്രകളായി
അവയ്ക്കൊപ്പം ചുരുണ്ട് കിടക്കുമ്പോള്‍
നമുക്കവയുടെ മുഖത്തുനോക്കാന്‍
തെല്ലു ജാള്യത കാണുമായിരിക്കും...