പാഞ്ചാലി

പിറന്ന നാള്‍ മുതല്‍
അഴിക്കുകയാണോരോന്നും...

ഓര്‍മ്മയിലാദ്യം
അവനഴിച്ചതെന്റെ സ്ലേറ്റുകല്ല്.
ആറ്റുനോറ്റുകിട്ടിയ ശരിയടയാളം
അമ്മയെ കാണിക്കാന്‍ കൊതിച്ചോടുമ്പോള്‍
അവനൊരു പിന്മഴയായി പാഞ്ഞുവന്നു.

പനിക്കിടക്കകളുടെ മരുന്ന് ചൂരുകൊണ്ട്
അവനെന്റെ ബാല്യത്തെയഴിച്ചു.

പ്രയോഗസാധ്യതകളുടെ സൂത്രവാക്യം കൊണ്ട്
പ്രണയത്തേയും ഹൃദയത്തേയും അഴിച്ചു.

സാമ്പത്തികശാസ്ത്രത്തിന്റെ കടപ്പത്രങ്ങളിറക്കി
എന്റെ ദാമ്പത്യത്തിന്റെ കിടപ്പറയഴിച്ച്
സ്വയംഭോഗങ്ങളുടെ ചിരിയരങ്ങിലെറിഞ്ഞു.

ഹേ ദുശ്ശാസനാ നിനക്കെന്തധികാരം...?
ഈ ധിക്കാരത്തിനു പകരം ചോദിക്കാനില്ലേ
ഇവിടെ ആണൊരുത്തന്‍...?

ജീവിതത്തിന്റെ കോമ്പല്ലുകാട്ടി
അവന്‍ ചിരിക്കുന്നു...
പണയമാണത്രേ.....

കുറ്റബോധംകൊണ്ട് തലതാഴ്ത്തുന്നു
ഭര്‍ത്താക്കന്മാര്‍.....

ഏതു തിമിരം നിനക്ക്
ഉന്നമുള്ള നോട്ടങ്ങളുടെ അര്‍ജ്ജുനാ...?
ഏതു ബാധിര്യത്തിലാണ്ടു
കേള്‍വികേട്ട കേള്‍വികളുടെ യുധിഷ്ഠിരന്‍...?
അടങ്ങാത്ത സ്പര്‍ശനങ്ങളുടെ
എന്റെ ഭീമസേനാ.....!
ഞാന്‍ കേണു.....
ഒരു ജലദോഷത്തിനോടുപോലും
യുദ്ധം ജയിക്കാത്ത
നകുലനും സഹദേവനും
എങ്ങോ പോയൊളിച്ചു....!

ഹാ ദുശ്ശാസനാ ഞാനൊരു പണയം തന്നെ
നിനക്കെന്റെ നഗ്നതയാണു വേണ്ടതെങ്കില്‍
എന്റെ വസ്ത്രങ്ങള്‍ വകഞ്ഞുമാറ്റി
ശരീരവും മനസ്സുകളും വകഞ്ഞുമാറ്റി വരൂ...
നിന്റെ ചുമ്പനം പകരൂ...
എനിക്കിനി ആറാമതൊരാളിന്റെ
ഭോഗസാന്ദ്രതയറിഞ്ഞാല്‍ മതി....