ഓര്‍മ്മവച്ച നാള്‍മുതല്‍ പോകുന്നു
ഒരു ചെരുപ്പുകുത്തിയെ തേടി....
അച്‌ഛന്റെ തോളിലിരുന്നുമലകയറിയും
അമ്മയുടെ ഒക്കത്തിരുന്നു പുഴകടന്നും
അമ്മൂമ്മയുടെ വിരലിലാടി വയല്‍ തുഴഞ്ഞും...
തനിക്കു താന്‍ പോരുമെന്നായപ്പോഴും
തുടര്‍ന്നു യാത്രകള്‍
കൊല്ലൂരു മുതല്‍
കന്യാകുമാരിവരെ
പേരുകേട്ടതും
കേട്ടിട്ടില്ലത്തതുമായി
കാക്കത്തൊള്ളായിരം...
ചെരുപ്പുതയ്പ്പിക്കണം
തേഞ്ഞുപോകാത്തൊരാത്മാവു വേണം
അഴിഞ്ഞുപോകാത്ത അലുക്കുകള്‍ വേണം
ഇട്ടുപോകുന്ന ചെരുപ്പുകള്‍
വിലപ്പെട്ടതായാലും അഴിച്ചുവേണം
അകത്തു പോകാന്‍
നഗ്നപാദനായി
നമ്രശീര്‍ഷനായി
തേഞ്ഞുപോയ ചെരുപ്പുകള്‍
തിരികേ വരും വരെ കാത്തുകിടക്കും
മരച്ചുവട്ടിലോ മതിലിന്‍ മറവിലോ....
വിലപ്പെട്ടതാണെങ്കില്‍
പാകമായ കാലുകള്‍ കണ്ടാല്‍
ഒളിച്ചുപോയെന്നിരിക്കും.
ഇപ്പോഴും എനിക്കുള്ളതാ പഴയ ചെരുപ്പു തന്നെ...
ദിനംപ്രതി തേയുന്ന ആത്മാവുള്ളത്..
ഇതുവരെ തയ്ച്ചു കിട്ടിയിട്ടില്ല മറ്റൊന്ന്.
ഇന്നുമിതാ നടക്കാനാവാത്ത വിധം
തയ്യലിളകിപ്പോയിരിക്കുന്നു....
വെളുത്ത വസ്ത്രങ്ങളുടെ അറബിനാട്ടില്‍
എവിടെ എനിക്കൊരു ചെരുപ്പുകുത്തി..
അത്ഭുതം....
ഇവിടെയുമുണ്ടവന്‍
ഇരുട്ടു തേക്കലിട്ട വെളിച്ചം
ദീപാരാധന നടത്തുന്ന,
മൂത്ര ഗന്ധം ശീവേലി നടത്തുന്ന
കാലം കട്ടകെട്ടിയ പുരാതന ക്ഷേത്രത്തില്‍
പൊളിഞ്ഞതും പോടിഞ്ഞതുമായ ചെരുപ്പുകള്‍
മുന്നില്‍ നിരത്തി അവനിരിക്കുന്നു.
കറുത്ത ഉടുപ്പിട്ട്
കണ്ണുകള്‍ മാത്രം വേളുത്തുള്ള
ചെരുപ്പുകുത്തി.
അഴിഞ്ഞുപോയ ചെരുപ്പു നീട്ടി
ഞാന്‍ ചോദിച്ചു
തയ്ച്ചു തരാമോ
അഴിഞ്ഞു പോകാതെ
തേഞ്ഞു പോകാത്തൊരാത്മാവു വെയ്ച്ച്..?
കറുത്ത് പൊടിഞ്ഞ കുറ്റിപ്പല്ലുകള്‍ കൊണ്ട്
കഷ്ടപ്പെട്ടു ചിരിച്ച് സഹതാപത്തിന്റെ അറബി ചവച്ച്
അവനെന്തോ പറഞ്ഞു.
മനസ്സിലായില്ല....
ഇപ്പോള്‍ രാത്രിയില്‍...
ഉറക്കം അപൂര്‍വ്വമായ കിടക്കയില്‍
അവന്റെ നിസ്സഹായമായ ചിരിയുടെ അമ്ലലായിനിയില്‍
അര്‍ത്ഥത്തിന്റെ ലവണങ്ങളലിയുന്നു..