വാക്കുകള്‍ക്ക് ഈ നാട്ടില്‍
എന്തു സ്വാതന്ത്ര്യമുണ്ട്?
നട്ടുച്ചക്കു നടുറോഡിലൂടെ
പോലും അര്‍ത്ഥങ്ങളെ പേടിക്കാതെ
ഇറങ്ങിനടക്കാന്‍ കഴിയുമോ അവയ്ക്ക്...!
നോവലും നോവലും തമ്മില്‍
എന്തു വ്യത്യാസമുണ്ട്!
ജാതിയും മതവും ഭാഷയും
ദേശവും വേറെയല്ലേ....
എങ്കിലും കാമഭ്രാന്തന്‍മാരായ
അര്‍ത്ഥങ്ങള്‍ വരികളുടെ എല്ലാ
മുക്കിലും മൂലയിലും വച്ച് വാക്കുകളെ.......
പറഞ്ഞിട്ടെന്തുകാര്യം?
നോവലെന്തെന്നറിയണമെങ്കില്‍
നൊന്തിട്ടുണ്ടായിരിക്കണ്ടേ...
കാക്കയും കാക്കയും തമ്മില്‍
എന്തു വ്യത്യാസമുണ്ട്!
കക്കയും കപ്പളങ്ങയും പോലെയല്ലേ
എങ്കിലും ചില കവികള്‍
കാക്കയെന്നുകേട്ടാലുടന്‍
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടെന്നു
മാത്രമേ പാടുകയുള്ളു.
ചിലരോ വാങ്കുവിളിയുടെ
നാദ തീവ്രതയില്‍ നിസ്കരിക്കുക
മാത്രമേയുള്ളു...
പറഞ്ഞിട്ടൊരു കാര്യവുമില്ല
സുന്ദരികളും യുവതികളുമായ വാക്കുകളേ
പിഴച്ച അര്‍ത്ഥങ്ങളുടെ വെപ്പാട്ടികളാവാന്‍
ഭയമില്ലെങ്കില്‍ മാത്രം വഴിനടപ്പിന്‍.
കിഴവികളായ വാക്കുകളെല്ലാം
കവികളുടെ അരമനയില്‍
ഭോഗവിരക്തിയില്‍
മരണം കാത്തു കിടക്കുന്നു.