എത്രതന്നെ ചേര്‍ത്തടച്ചിരുന്നാലും
ഓര്‍മ്മതന്നിളം കാറ്റൊന്നുരുമ്മിയാല്‍
താനേ തുറന്നുപോം വാതില്‍.
ഒട്ടുപോലും വിള്ളലെങ്ങുമില്ലെങ്കിലും
ഒട്ടൊഴിയാതയല്‍വീട്ടിലേക്കുള്‍ത്തുടി
തേങ്ങലായ് തര്‍ജ്ജമ ചെയ്യും ചുവരുകള്‍.
പലവുരു ഞെക്കിഞെരുക്കിയിട്ടാലും
ദുഖ:ത്തിനോരോ മഴത്തുള്ളിയും
ഉള്ളിലേക്കല്ലാതെ പെയ്യില്ല കൂര.
തേച്ചുതേച്ചെത്ര കഴുകിയാലും
വേച്ച കാല്‍പ്പാടുകള്‍ മായാതെ
മുദ്രണം ചെയ്യും പരുക്കന്‍ തറ.
വാടകച്ചീട്ടിലെ വരികളിലില്ലാത്ത
വാസ്തുവിശേഷണ ചിത്രങ്ങളിങ്ങനെ.
മുറ്റത്തു ഞാന്‍ വെച്ച പിച്ചകവല്ലിയെ
ചുമ്പിച്ചു ചുമ്പിച്ചു വിവശയാക്കും പകല്‍.
അര്‍ത്ഥം തിരിയാത്ത പേടികള്‍ ചുറ്റും
മുരുക്കുപോല്‍ പൂക്കുന്നപുലരാത്ത രാത്രികള്‍.
ആഴങ്ങളില്‍ നിന്നുമാത്മാവു വാരുന്ന
പ്രണയതൃഷ്ണതന്‍ മൂര്‍ഛകള്‍.
എന്നിലേക്കെന്നിലേക്കാഴ്ക നീ
നീയായിമാറട്ടെ ഞാനെന്നു ഭ്രാന്തമായ്
അള്ളിയള്ളിപ്പുണരും ശരീരം.
വാടക വീട്ടിലെ വാടകയില്ലാത്ത
ജീവിതം ജീവിച്ച നാളുകളിങ്ങനെ.
എത്രയോ ഹ്രസ്വമാം പാര്‍പ്പതിലെങ്കിലും
നീറ്റലോടാ പടിക്കെട്ടിറങ്ങവേ വീടുചോദിച്ചു
വിറയ്ക്കുന്ന വാതിലില്‍ നിന്നു വിതുമ്പുന്നകാറ്റു ചോദിച്ചു...
താക്കോല്‍ കൊടുത്തു നീ പോകുന്നുവോ?
നിന്റെ പിച്ചകം പൂക്കുന്നതെങ്കിലും
കാണാന്‍ വരില്ലയോ.....?