കാതല്‍

കുറച്ചുനാളായി അതുണ്ട്
ഉള്ളില്‍നിന്നും ഒരു പെരുക്കം...
ആണിപോലും വളയുന്ന
ഒരു ബലം
കരുത്ത്.....

മുന്‍പത്തെപ്പോലെ
നിറഞ്ഞ കണ്ണുകളില്‍
നിന്നും നനഞ്ഞ നോട്ടം
വന്നു തൊട്ടാലറിയുന്നില്ല.

ചോരയുടെ നേര്‍ത്ത
ചാലുകള്‍ക്ക് നെഞ്ചിലേക്ക്
ചൂണ്ടലിട്ടു വലിക്കാന്‍ കഴിയുന്നില്ല.

ചില്ലകളിലിപ്പോള്‍
ചിത്തിരകളിണചേര്‍ന്നാലറിയുന്നില്ല,
കുട്ടികളുടെ പട്ടങ്ങള്‍
കുറുമ്പുപൊട്ടിക്കുടുങ്ങിയാലുമറിയുന്നില്ല.

കുറച്ചുനാളായി അതുണ്ട്...
ഒരു ഞെരുക്കം
ഉള്ളില്‍ നിന്നും പുറത്തേക്ക്....

ഒരു കടല്‍ കാരിരുമ്പായപോലെ
ഒരു സ്വപ്നം കരിമ്പാറയായപോലെ

മുമ്പൊക്കെ ഇളംവെയില്‍
കൊണ്ടാലും വാടിയിരുന്നു.
പക്ഷേ പൂക്കാലമെത്തുന്നത്
ഞാനാദ്യമറിഞ്ഞിരുന്നു.

മുമ്പൊക്കെ ആരെങ്കിലും
തളര്‍ന്നു ചാരിയാല്‍ ചായ്ഞ്ഞിരുന്നു.
പക്ഷേ ചുമലില്‍ ഞാന്‍
സ്നേഹത്തിന്‍ തണുവുകളറിഞ്ഞിരുന്നു.

ഇന്നിപ്പോള്‍
ഉള്ളിലെന്തോ ഉണ്ടെന്നു മാത്രമറിയാം

ഒരുബലം......
ഒരു കരുത്ത്.....

ആരൊക്കെയോ പറയുന്നതു കേട്ടു.
കുറച്ചുകൂടി പോകട്ടെ,
ഒന്നുകൂടി മുറ്റട്ടെ.