ദൈവം ഉവാച:
ആ വഴി നടക്കരുത്.
ആ പൂ മണക്കരുത്.
ആ പഴം തിന്നരുത്.
അങ്ങോട്ടു നോക്കരുത്.
എങ്കിലുണ്ടാമമരത്വം!
ഞാന്‍ ഉവാച:
നടന്നുണ്ടായ വഴികളൊക്കെ
നടക്കും ഞാന്‍.
മണക്കുന്ന പൂക്കളെല്ലാം
മണക്കും ഞാന്‍.
പഴങ്ങള്‍ നീ സൃഷ്ടിച്ചതെങ്കില്‍
രുചിക്കും ഞാന്‍.
കണ്ണുകാണും കാഴ്ചയെല്ലാം
കാണും ഞാന്‍.
എനിക്കു വേണ്ടമരത്തം.
മരത്വം ഭവന്തു!!
ദൈവം ശപിച്ചു.....
ഞാനൊരു മരമായി!
കണ്ണില്ല,മൂക്കില്ല,നാക്കില്ല,നടക്കില്ല....
ദൈവം ഒരു കാണിക്കയായ്
എന്റെ ചുവട്ടില്‍ കുടിയിരുന്നു.
പകല്‍,നേര്‍വഴി നടക്കുന്നവര്‍
ചില്ലറകള്‍ ഭിക്ഷ കൊടുത്തു.
സന്ധ്യകളില്‍,പരേതാത്മാക്കള്‍
ദൈവശിരസില്‍ കാഷ്ടിച്ചു.
രാത്രി,ഏതോ കള്ളന്‍ ദൈവത്തിന്റെ
പള്ളകുത്തിത്തുറന്ന്ചില്ലറയെല്ലാം മോഷ്ടിച്ചു.
ദൈവത്തിന്റെ നിസ്സഹായത കണ്ട്
ഞാനും നിസ്സഹായനായി....