ഓര്‍മകള്‍ക്കൊരാമുഖം
ഓര്‍മകള്‍ ചിലപ്പൊള്‍ സ്വപ്നങ്ങളുടെ ഉടയാടകളുമണിഞ്ഞ് സുഷുപ്തിയിലേക്കും. നിശബ്ദമായ ചില നിമിഷങ്ങളില്‍ ജീവിതത്തിലേക്കും കടന്നു വരും.ഏതൊക്കെയാണ് ഓര്‍മ്മകള്‍ ഏതൊക്കെയാണ് സ്വപ്നങ്ങള്‍ എന്നു തിരിച്ചറിയാന്‍ പോലും പറ്റിയെന്നിരിക്കില്ല. അത്രത്തോളം മറവിയുടെ ഇരുട്ട് കടന്നുകൂടിയിട്ടുണ്ടാകാം.എല്ലാ നൊംബരങ്ങളും എന്തോ ഒരനുഭൂതിയായി പരിണമിച്ചിരിക്കുന്നു, എന്ന തിരിച്ചറിവിലേക്ക് മെല്ലെ ചാഞ്ഞിരിക്കും ഞാന്‍.എല്ലാ അബദ്ധങ്ങളും ചിരിയുണര്‍ത്തുന്ന ഒരു കുട്ടിക്കളിയായി മുന്നില്‍ നിന്ന് നൃത്തം ചെയ്യും.എല്ലാ സംതൃപ്തനിമിഷങ്ങളും അതൃപ്തമായി പകുതിയിലവസാനിച്ച സുരതം പോലെ അസ്വസ്ഥമാകും.ഞാന്‍ നടന്നുപോയ ഏകാന്തവും അല്ലാത്തതുമായ ഊടുവഴികള്‍ മുന്നിലേക്കു തെളിഞ്ഞുവരും.അറിയാത്ത ഒരു റിഫ്ലെക്സ് ആക്ഷനിലെന്നപോലെ എന്റെ കാലുകള്‍ നീളും,ഒരുവട്ടം കൂടി അതുവഴിയൊക്കെ നടക്കാന്‍.പക്ഷേ ഒരു നിസഹായമായ പുഞ്ചിരിയോടെ ബോധം എന്നെ ഓര്‍മിപ്പിക്കും,നടക്കുന്തോറും മാഞ്ഞുപൊയ്ക്കൊണ്ടേയിരിക്കുന്ന പിന്‍വഴികളാണ് ജീവിതമെന്ന്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എത്ര ശരിയാണതെന്നെനിക്കു മനസിലാകും.പിന്നില്‍ എന്റെ നിഴലുപോലുമില്ല.എങ്കിലും ഓര്‍മകള്‍.. സ്വപ്നങ്ങളുടെ ഉടയാടകളണിഞ്ഞ് ആള്‍മാറാട്ടം നടത്തിയെത്തുന്ന ഓര്‍മ്മകള്‍.. എല്ലാ നിമിഷ ശകലങ്ങളിലും തിരശീലക്കുള്ളില്‍ നിന്നും നാടകവേദിയിലേക്കുളിഞ്ഞു നോക്കുന്ന കുസൃതിക്കുട്ടിയെപ്പോലെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.