ഒറ്റക്കണ്ണന്‍ കാഴ്ചകളും
കരിനാക്കിന്‍ വാക്കുകളും ഭരിക്കും
അദ്വൈതത്തിന്‍ നാട്ടില്‍
നിന്നൊരുവന്‍ പോയി
ഡോക്ടറെ കാണുവാന്‍
“ഇടം കണ്ണു കാണുന്നതല്ല
വലം കണ്ണു കാണുന്നത്
ഇടം ചെവി കേള്‍ക്കാത്ത ഭൂഗര്‍ഭരോദനം
കേള്‍ക്കുന്നു വലം ചെവി..
കാഴ്ചകള്‍
പിളര്‍ന്നൊരുപടയണി കണ്‍കളില്‍,
വാക്കുകള്‍
പെരുമ്പാമ്പിന്‍ നാക്കുപോല്‍ കാതില്‍..
ആനയെ കാണുമ്പോഴവര്‍
തുമ്പി കാണിക്കുകയില്ല
തുമ്പില്‍ നീറും പക കാണിക്കുകയില്ല
കൊമ്പു കാണിക്കുന്നു
ചോരകാണിക്കുന്നു
മണ്ണോടു മണ്‍ചേര്‍ന്ന
കൂര കാണിക്കുന്നു
വലംകണ്ണുകാണുന്നു
കുറുമ്പെങ്കിലും വെറുപ്പിന്‍
പീരങ്കി നിറയ്ക്കും മുമ്പീയിടം
കണ്ണു കാണും തുമ്പിക്കയ്യിന്‍ വ്രണം.
ചതിതന്‍ കരിമരുന്നടക്കം
ചെയ്താരോ നല്‍കും
പ്രണയംനുണയുമ്പോഴാകാം
ചിതറിപ്പോയീപാവമെന്നശ്രു നിറയുന്നു
വലംകണ്ണു കാണുന്നതല്ല
ഇടം കണ്ണിന്‍ കാഴ്ച
വലം ചെവികേള്‍ക്കാത്തതിന്‍
പൊരുള്‍ കേള്‍ക്കുന്നിടം ചെവി
ഭൂഖണ്ഡങ്ങളിലഗ്നിയാടും
വിശപ്പുകാണുമ്പോഴൊറ്റക്കണ്ണന്‍
കാണാത്തതെന്തീയടുപ്പില്‍തിളക്കും
പട്ടിണിയെന്നുതേങ്ങുന്നിടം കണ്ണ് .
വലം കണ്ണോ ചിരിക്കുന്നു ..
പൂര്‍വദുഷ്കൃതം തന്നെ വിളയും
വയല്‍ക്കാഴ്ചയല്ലോയിതെന്ന് ..
വിതക്കുമ്പോളറിയണംഅരിവാളിന്‍
ശൈഥില്യമെന്ന് ..
വലം ചെവിയില്‍ സ്ഖലിക്കുന്നു
വികാരവൈവശ്യം
തുണിപറിച്ചെറിഞ്ഞമര്‍ത്തി
ക്കടിച്ചമറും സുരതസ്വരം
ഇടം ചെവിയിലോ കടല്‍..
ഒരുവെറും
ഗാന്ധിക്കായാത്മാവുവിറ്റതിന്‍
വിഷം കുടിച്ചുഴറും പെണ്മനം”
“നിര്‍ത്തുക ജല്‍പ്പനം
തുറക്കു വായെന്നു" ഡോക്ടര്‍
പിടിക്കുന്നു കവിളില്‍
വിരല്‍ കുത്തിത്താഴ്ത്തി
കണ്ണും കാതും മൂക്കുമൊക്കെ
നോക്കി ശുശ്രുതവീരന്‍മൊഴിഞ്ഞു
ദയാപൂര്‍വം.
“കുഴപ്പം ഇന്ദ്രിയങ്ങള്‍ക്കല്ലല്ലോ
സഹോദരാ-ഉള്ളിലിപ്പോഴും
മിടിക്കുന്നുണ്ടാ സാധനം
കാണിച്ചു നോക്കൂ ഹാര്‍ട്ടിന്‍
ഡോക്ടറെ വൈകാതെ”